പത്തിവിടര്‍ത്തിയ ക്യാമറ, പീലിവിടര്‍ത്തിയ കാവ്

സ്വയം പത്തിവിടര്‍ത്തുന്നതാവണം ഒരു സര്‍പ്പക്കാവ്. വാത്മീകിയെ മൂടിയ അതേ ചിതല്‍പ്പുറ്റിന്റെ ധ്യാനത്തിലിരിക്കുമ്പോഴും വരിഞ്ഞുമുറുകാനെത്തുന്ന പെരുമ്പാമ്പിന്റെ ഭാവം വള്ളികളായിത്തൂങ്ങണം. ഇലച്ചാര്‍ത്തിനിടയിലൂടെ ഇരുട്ടുമാത്രം ഊറിയിറങ്ങുമ്പോള്‍ ചിത്രകൂടക്കല്ലില്‍നിന്നെത്തണം വഴികാട്ടിയായ പ്രകാശം.

ഈ കാവുസങ്കല്‍പ്പത്തിന്റെ, കാവ്യസങ്കല്‍പ്പത്തിന്റെ, അടുത്തൊന്നും നില്‍ക്കാനര്‍ഹതയില്ലാത്തതാണ് ഞങ്ങളുടെ ആ ചെറിയ സംവിധാനം. ഒരു മേശയുടെ ചുറ്റളവില്‍ ഒറ്റവരി മതില്‍. ഉള്ളില്‍ പ്രാചീനമെന്നുപറയാറായിട്ടില്ലാത്ത ഒരു പാലമരവും രണ്ടു ചെങ്കല്‍ച്ചിത്രകൂടങ്ങളും. അങ്ങോട്ട് ക്യാമറയുമെടുത്തിറങ്ങുമ്പോള്‍ എന്റെ കുഞ്ഞന്‍ ഡിഎസ്എല്‍ആറിനും കിറ്റ് ലെന്‍സിനും ശരിക്കുമതൊരു പരീക്ഷണം തന്നെ എന്നുതോന്നി.

ഇന്നലെ രണ്ടുതവണയാണ് ഒരു ചേര എന്റെ ക്യാമറയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മാസങ്ങള്‍ക്കുമുമ്പൊരിക്കല്‍ ഇതുപോലെ മറഞ്ഞതും അതേ ചേരതന്നെയായിരിക്കണം. സര്‍പ്പമില്ലെങ്കില്‍ സര്‍പ്പക്കാവ്. കിട്ടുന്നതെടുക്കുകതന്നെ.

ഇന്ന് കാവുതളി നടക്കുകയാണ്. ശിവരാത്രിക്കു പതിനഞ്ചുനാളെങ്കിലും മുമ്പ് ഗോകര്‍ണത്തേക്ക് യാത്രതിരിക്കേണ്ട നാഗങ്ങളെ ശുദ്ധിവരുത്താന്‍. ആചാരങ്ങളില്‍ വലിയ താത്പര്യമില്ലെങ്കിലും സര്‍പ്പക്കാവുകളോട് എനിക്കു വിരോധമില്ല. സര്‍പ്പങ്ങള്‍ക്കുമാത്രമേ കാവുള്ളൂ എന്നതിലാണ് വിരോധം.

വിശകലനമല്ല, മറിച്ച് അമ്മയുടെ അച്ഛനെ സഹായിക്കലാണ് എന്റെ ജോലി. അദ്ദേഹത്തിന് പ്രമേഹമൊന്നുമില്ലെങ്കിലും അതുള്ള പാമ്പുകളെ മുന്നില്‍ക്കണ്ട് പഞ്ചസാരയില്ലാത്ത പാല്‍പ്പായസവും തയ്യാറാക്കിക്കൊടുത്തശേഷമാണ് ക്യാമറയും കൊണ്ടിറങ്ങുന്നത് (എന്തുചെയ്യാന്‍, പാലും പഞ്ചസാരയും ഉപയോഗിക്കാത്തതുകൊണ്ട് അളവ് മറന്നേപോയി!).

ദരിദ്രമായ ഒരു കാവ്, അവിടെ കാവുതളി. അതിനിടയില്‍ ക്യാമറയും ട്രൈപ്പോഡും മറ്റുമായി ഒരു അര്‍ദ്ധനഗ്നരൂപം. അയല്‍പക്കത്തെ പെയിന്റുപണിക്കാര്‍ അന്തംവിട്ടു നോക്കിനിന്നതില്‍ തെറ്റുപറയാനില്ല. അതൊന്നും വകവയ്ക്കാതെ പടമെടുപ്പ് തുടങ്ങി. ചടങ്ങിന് തുടങ്ങിയ കാര്യം എന്നെ ക്രമേണ ഹരംപിടിപ്പിച്ചു.

ക്യാമറ പത്തിവിടര്‍ത്തിയപ്പോള്‍ കാവ് പീലിവിടര്‍ത്തി. വള്ളികള്‍ക്ക് മുമ്പുകണ്ടിട്ടില്ലാത്ത വണ്ണം. മാനത്തേക്ക് മുമ്പറിഞ്ഞിട്ടില്ലാത്ത ദൂരം. ഒരല്പം അണ്ടര്‍ എക്സ്പോസുകൂടി ചെയ്തപ്പോള്‍ ഇലപ്പച്ചയില്‍ എങ്ങുനിന്നോ നിഗൂഢമായ ഒരിരുട്ട് ചേക്കേറി.

വിട്ടുകൊടുക്കേണ്ടെന്നു തീരുമാനിച്ചു. "വൈല്‍ഡ്‌ലൈഫ്, ആസ് കാനണ്‍ സീസ് ഇറ്റ്" എന്നതാണ് കാനണിന്റെ പരസ്യമെങ്കില്‍ "കാവുതളി, ആസ് ഐ ഷോ നിക്കോണ്‍" എന്നത് ഞാനെന്റെ നിക്കോണിന്റെ ആപ്തവാക്യമാക്കി. ഞാന്‍ കാണുന്നതാകണം, കാണാനാഗ്രഹിക്കുന്നതാകണം, ഇനി ആ ചെറുക്യാമറ പകര്‍ത്തേണ്ടത്. വിരല്‍ ചലിച്ചു, ബട്ടണുകളമര്‍ന്നു. മാന്വല്‍ ഫോക്കസ് മാത്രമേ ഉപയോഗിക്കൂ എന്ന വാശി പലപ്പോഴും അവ്യക്തചിത്രങ്ങളായി മെമ്മറി കാര്‍ഡിനെ കാര്‍ന്നുതിന്നു.

കാവിനെച്ചുറ്റിച്ചുറ്റി ബിബംങ്ങളുടെ പിന്നില്‍ സ്വയം പ്രതിഷ്ഠിച്ചപ്പോള്‍ ആ പൂജാമുഹൂര്‍ത്തമായി. അതാ, കാര്‍മ്മികന്റെ കൈകള്‍ നെറ്റിക്കുമേലെ കൂപ്പുകയ്യായി ഉയരുന്നു. അപ്രതീക്ഷിതമായതിനാല്‍ പക്ഷേ മാന്വല്‍ ഫോക്കസ്സില്‍ അതെടുക്കാനായില്ല. നിരാശ. ഒരിക്കല്‍ക്കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ ആവശേത്തോടെ വീണ്ടുമൊരു കാത്തിരിപ്പ്. ഇക്കുറി കൈവിട്ടുപോവരുതെന്ന വാശിയുള്ളതിനാല്‍ സമയമായപ്പോള്‍ പൂജ 'പോസ്' ചെയ്യിച്ചു എന്നുതന്നെ പറയാം. എന്തായാലും അത് സഫലമായി. ഇരുട്ടുമൂടിയ, മുഖം തെളിയാത്ത, എന്നാല്‍ എനിക്കുവേണ്ടതെല്ലാം തെളിഞ്ഞ ഒരു ചിത്രം.

നാഗങ്ങളേ, ഒളിച്ചുകളി തുടരുക. എന്റെ ക്യാമറയ്ക്കു നിന്നുതരാന്‍ നിങ്ങള്‍ മടിച്ചാലും അനങ്ങാതെ നിന്നുതരാന്‍ ഒരു കാവുണ്ടെനിക്ക്. കാവുതളിയുമതെ. ദര്‍ഭയില്‍നിന്നുതെറിച്ച പുണ്യാഹത്തുള്ളികള്‍ വായുവില്‍ പാതിവഴിയിലങ്ങനെ നിന്നുതന്നെന്നിരിക്കും, പടമെടുക്കാന്‍.

കൂടുതല്‍ ചിത്രങ്ങള്‍

Thumbnail Thumbnail Thumbnail Thumbnail Thumbnail Thumbnail Thumbnail Thumbnail Thumbnail


Tags: kaavuthali, sarpakkaavu, photography, rituals, snakes, nature, spiritual

Read more from Nandakumar at nandakumar.org/blog/