വാക്കെരിയുന്ന ചന്ദനത്തിരികള്‍
2024-12-29
സ്വന്തം ജീവിതം മറ്റൊരാളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ചില വേളകളുണ്ട് നമുക്കെല്ലാം. ഒരു വണ്ടിയില്‍ക്കയറുമ്പോള്‍ അതിന്റെ സാരഥിയെ, ആസ്പത്രിയില്‍ച്ചെല്ലുമ്പോള്‍ ഡോക്റ്ററെ, ഒരു പുസ്തകം വായിക്കുമ്പോള്‍ അതെഴുതിയയാളെ. മികവുറ്റയാളാണ് അപ്പുറത്തെങ്കില്‍ ആദ്യത്തെ വളവിലോ ചുമയിലോ കഥാസന്ദര്‍ഭത്തിലോ പ്രതീക്ഷിക്കാം നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന എന്തോ ഒന്ന്.
'ദ ഗൂഡ് എര്‍ത്ത്' (1931) വായിച്ചുതുടങ്ങിയപ്പോഴും സംഭവിച്ചതതാണ്. തുടക്കംതൊട്ടേ രസമുള്ള എഴുത്ത് ഇരുപതുപേജ് പിന്നിട്ടപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പാവപ്പെട്ട കൃഷിക്കാരന്‍ വാങ് ലങ് ഒരു ധനികകുടുംബത്തില്‍ പണിയെടുത്തിരുന്ന അടിമപ്പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവരുന്നതാണ് സന്ദര്‍ഭം. വരുന്നവഴി അവര്‍ ഭൂമിദേവന്മാര്‍ക്കുവേണ്ടിയുള്ള ചെറിയൊരമ്പലത്തില്‍ കയറുന്നു. വാങ് ലങ് ഒരുപിടി ചന്ദനത്തിരി കത്തിച്ചുവയ്ക്കുന്നു. എരിഞ്ഞെരിഞ്ഞ് അതിന്റെയറ്റത്ത് ചാരം കനത്തപ്പോള്‍ വധു ഒ-ലാന്‍ അതു തട്ടിവൃത്തിയാക്കി. അടുത്തനിമിഷം തന്നെ അവള്‍ക്ക് ആധിയാവുന്നു--ചെയ്തത് തെറ്റായിപ്പോയോ? അതുവരെ ഒരക്ഷരം മിണ്ടാതെ വരനെ അനുഗമിച്ച ആ സ്ത്രീ ബോധപൂര്‍വമല്ലെങ്കിലും ഒരധികാരപ്രയോഗം നടത്തുകയായിരുന്നല്ലോ. വാങ് ലങ് പക്ഷേ മനസ്സുകൊണ്ട് അതിഷ്ടപ്പെട്ടു. 'ഇറ്റ് വാസ് ആസ് ദോ ഷീ ഫെല്‍റ്റ് ദി ഇന്‍സെന്‍സ് ബിലോങ്ഡ് റ്റു ദെം ബോത്ത്; ഇറ്റ് വാസ് എ മൊമെന്റ് ഓഫ് മാര്യേജ്' എന്നാണ് നോവലിലെ വാചകം. വായനക്കാരാ, നിന്റെ സമയം എന്റെ പേനയില്‍ ഭദ്രം എന്ന് പേള്‍ എസ് ബക്ക് ഉറപ്പുതരുന്ന നിമിഷം.
താരതമ്യപ്പെടുത്താവുന്ന ഒരു രംഗം എംടിയുടെ 'ഒരു ചെറുപുഞ്ചിരി'യിലും അതിനാധാരമായ ശ്രീരമണയുടെ 'മിഥുന'ത്തിലുമുണ്ട്. ശ്രീരമണയുടെ കഥ വായിച്ചിട്ടില്ല. 'ഒരു ചെറുപുഞ്ചിരി'യിലെ രംഗം പേള്‍ എസ് ബക്കിന്റെ എഴുത്തിനോളം തീവ്രമായി തോന്നിയിട്ടുമില്ല (അത്ര തീവ്രത മതിയായിരിക്കാം).
സന്ദര്‍ഭങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല നോവലിലെ എഴുത്തുമൂല്യം. 'ആക്റ്റിങ് ഈസ് റിയാക്റ്റിങ്' എന്നു പറയുന്നതുപോലെയാണ് എഴുത്തിന്റയും കാര്യമെന്നുതോന്നുന്നു. മോശം സൃഷ്ടികള്‍ക്ക് കഥാപാത്രങ്ങളെക്കുറിച്ച് ഒന്നുംതന്നെ പറയാനുണ്ടാവില്ല. നല്ല സൃഷ്ടികള്‍ കഥാപാത്രങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. മികച്ച സൃഷ്ടികളാകട്ടെ കഥാപാത്രങ്ങള്‍ക്ക് എന്തുസംഭവിക്കുന്നുവെന്ന് കാണിച്ചുതരുന്നു. ജീവിതത്തിലെ സംഭവങ്ങള്‍ക്കപ്പുറം അവയോട് കഥാപാത്രങ്ങള്‍ പോരാടിമരിക്കുന്നതോ ആദര്‍ശം മറന്ന് കീഴടങ്ങുന്നതോ ആയിരിക്കും അത്തരമൊരു സൃഷ്ടിക്ക് പറയാനുണ്ടാവുക. ചിലപ്പോള്‍ മനുഷ്യകഥാപാത്രങ്ങളുടെ മാറ്റങ്ങള്‍ക്കപ്പുറം അതിന്റെ പ്രതിഫലനത്തിലേക്കുപോലും പേന നീളാം. നവദമ്പതികള്‍ അനുഗ്രഹം തേടിയ ഉഗ്രമൂര്‍ത്തികള്‍ കൊടുംവരള്‍ച്ചയുടെ കാലത്ത് നിന്ദ്യരായിത്തീര്‍ന്നതും പിന്നീട് മഴവന്നപ്പോള്‍ അനുകമ്പയര്‍ഹിക്കുന്നവരായി മാറിയതും നോവലില്‍ വായിക്കാം.
ഇതെഴുതുമ്പോള്‍ 'ദ ഗൂഡ് എര്‍ത്ത്' വായന പകുതിയായിട്ടേയുള്ളൂ. നൂറ്റിയെണ്‍പതുപേജിലും ഒരിഴച്ചിലും അനുഭവപ്പെട്ടിട്ടില്ല--വിതയും കൊയ്ത്തും മഴയും വരള്‍ച്ചയും മാത്രം ജീവിതമാകുന്ന ഒരു കര്‍ഷകന്റെ കഥയായിട്ടുകൂടി. ഈ പകുതിയില്‍ വിതച്ചുവച്ചതെന്തെല്ലാമോ അടുത്ത പകുതിയില്‍ എഴുത്തുകാരി കൊയ്തെടുക്കുന്നുണ്ടാവാം, വായന തുടരണം.
Nandakumar Edamana
Tags: reading
Read more from Nandakumar at nandakumar.org/blog/