വൈരുദ്ധ്യങ്ങളുടെ തീവണ്ടി

പ്രഭാഷണം മതിയാക്കി ഒന്നു മിണ്ടാതെ കിടക്കാമോ എന്ന് പലവട്ടം ചോദിച്ചതാണവരോട്. പക്ഷേ മര്യാദകൊണ്ടോ പേടികൊണ്ടോ മനസ്സിലൊതുക്കിയ പരാതി, അതെത്രതന്നെ ഉറക്കെയായാലും അവര്‍ കേള്‍ക്കില്ലല്ലോ. കുറച്ചപ്പുറത്തായതിനാല്‍ മുഖത്തെ നീരസവും കാണില്ല. ഇനി കണ്ടാല്‍ത്തന്നെയും, കേട്ടാല്‍ത്തന്നെയും എന്തുണ്ടാവും? അവര്‍ക്ക് മിണ്ടാട്ടം നീട്ടാന്‍ ഒരു വിഷയം കൂടി കിട്ടും. അതുകൊണ്ട്, നല്ലൊരുറക്കത്തിനുള്ള എല്ലാ സാദ്ധ്യതയുമുണ്ടായിട്ടും പതിനൊന്നുമണിക്കുപോലും അതിനനുവദിക്കാത്ത അവരെ ശപിച്ച് ബര്‍ത്തിലങ്ങനെ കിടന്നു.

അറിവിനെ അരോചകമാക്കുന്ന ആളുകള്‍, മാനത്തേക്കു പെയ്യുന്ന തെരിവുവിളക്കുകള്‍, ഗ്രാനൈറ്റ് തറയിലോടുന്ന എലി, എഞ്ചിനിയറിങ് വിസ്മയമായ എസ്കലേറ്ററിനുതാഴെ അതിന്റെ എളിയ മാളം... വൈരുദ്ധ്യങ്ങളുടെ തീവണ്ടിയായിരുന്നു ആ യാത്ര. എത്തേണ്ടിടത്തെത്തി തിരിഞ്ഞുനോക്കിയാല്‍ ആ വണ്ടിയുടെ കുലുക്കവും പക്ഷേ സംഗീതം മാത്രം.

യാത്രയൊഴിവാക്കാന്‍ എ​ല്ലാ വഴിയും തേടുന്ന ഒരാള്‍ ഒരു സിനിമ കാണാനായി അഞ്ഞൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തീരുമാനിക്കുന്നു. അവിടെയാണ് തത്കാലം കാര്യങ്ങളുടെ തുടക്കം. ഐമാക്സ് തീയറ്റര്‍ ഒരിക്കലെങ്കിലും നേരിട്ടനുഭവിക്കുക എന്നത് ​വലിയൊരാഗ്രഹമായിരുന്നു. ഒരു മലയാളിക്ക് അത് അടുത്തുള്ളത് ബെംഗളൂരുവിലും ചെന്നെയിലും മാത്രമാണ്. താരതമ്യേന അടുത്തായതിനാല്‍ ബെംഗളൂരു തെരഞ്ഞെടുത്തു. മൊത്തം അറൂനൂറുകിലോമീറ്ററോളം യാത്രയുണ്ടാകും ഒരു വഴിയ്ക്ക്. വായിക്കാനുള്ള ഭംഗിക്കാണ് അത് അഞ്ഞൂറാക്കിയത്.

ഏതു സിനിമ കാണണമെന്നതാണ് അടുത്ത ചോദ്യം. തീയറ്റര്‍ അനുഭൂതിക്കുമാത്രമായി പോയാല്‍ യാത്ര മുതലാകില്ല. സിനിമയും നന്നാകണം. ഐമാക്സില്‍ അപൂര്‍വമായേ പ്രദര്‍ശനമുള്ളൂ. അതില്‍ത്തന്നെ നോളന്റെ സിനിമയൊന്നും അടുത്തിറങ്ങാനില്ല. തത്കാലം 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' കാണാമെന്ന് വിചാരിച്ചു. ആഴ്ചകള്‍ക്കുമുമ്പായിരുന്നു ആ തീരുമാനം. എന്നാല്‍ പല കാരണങ്ങളാല്‍ അതു നടന്നില്ല. നന്നായെന്നേ ഇപ്പോള്‍ തോന്നുന്നുള്ളൂ.

93-ലിറങ്ങിയ ജുറാസിക് പാര്‍ക്ക് ഒരു അസാമാന്യസൃഷ്ടിയാണ്. പ്രമേയത്തിലും പശ്ചാത്തലസംഗീതത്തിലും സംവിധാനത്തിലും സാങ്കേതികവിദ്യയിലും അനിമേഷനിലും അഭിനയത്തിലുമെല്ലാം ആത്മാര്‍ത്ഥതയും വിരുതും. ദിനോസറുകളെ ഏതാനും മിനിറ്റിലൊതുക്കി ബാക്കി ഒന്നേകാല്‍ മണിക്കൂര്‍ മനുഷ്യവികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും സമര്‍പ്പിക്കുകയായിരുന്നു വെള്ളിത്തിരയും ഉച്ചഭാഷിണികളും. സ്ക്രീന്‍ ഡയറക്ഷന്‍, ബ്ലോക്കിങ്, ഫ്രെയിമിങ് തുടങ്ങി സംവിധാനത്തിന്റെ ഓരോ ഉപസങ്കേതവും ആശയാവതരണം അര്‍ത്ഥപൂര്‍ണമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ 97-ലിറങ്ങിയ രണ്ടാം ഭാഗം അല്പം വിമര്‍ശനം നേടി. തുടര്‍ന്നിറങ്ങിയ അവതാരങ്ങളാകട്ടെ സ്വന്തം ശവക്കുഴി ദിനോസര്‍വലിപ്പത്തില്‍ വലുതാക്കിക്കൊണ്ടുവന്നു. പ്രമേയത്തെക്കുറിച്ച് കേട്ടതും ദൃശ്യങ്ങള്‍ കണ്ടതും വച്ച് ആസ്വാദനം അര്‍ഹിക്കുന്ന ഒന്നേയല്ല അവസാനമിറങ്ങിയ ജുറാസിക് വേള്‍ഡ് ചിത്രം. കലാപരമായി ചിന്തിച്ചാല്‍ അതൊരു സിനിമ പോലുമാവണമെന്നില്ല (മറിച്ചൊരു തീം പാര്‍ക്ക് റൈഡോ കാര്‍ട്ടൂണോ ആകാം). കാര്യങ്ങളങ്ങനെയായലും എത്രയോ പേരുടെ വിയര്‍പ്പാണ് അതിനുപിന്നിലുള്ളതെന്നറിയാം. എന്നുകരുതി ആകെത്തുക അര്‍ത്ഥശൂന്യമായാല്‍ അതു കാണാന്‍ അന്യസംസ്ഥാനത്തേക്കൊന്നും പോകേണ്ടല്ലോ.

പിന്നീടുണ്ടായത് രസകരമായ ഒരാവര്‍ത്തനമാണ്. 2019-ല്‍ ഡിസ്നിയുടെ 'ഡംബോ' ചിത്രം വന്നപ്പോള്‍ അതു കാണാന്‍ തീരുമാനിച്ചിരുന്നു. സാങ്കേതികമികവ് ഏറെയാണെങ്കിലും ഇത്തരം ചിത്രങ്ങളിലെ ആവര്‍ത്തനം മടുത്തിട്ടും ട്രെയിലര്‍ കണ്ട് രസം തോന്നിയിട്ടും ടിക്കറ്റെടുത്ത് കയറിയത് 'അസ്' എന്ന ചിത്രത്തിനാണ്. വലിയ സ്ക്രീനില്‍ നിറഞ്ഞുനിന്ന മുയല്‍ക്കൂടുകളുടെ പശ്ചാത്തലത്തില്‍ അര്‍ഥശൂന്യമായ വാക്കുകളോടെ ഓര്‍ക്കസ്ട്രല്‍ സംഗീതം ഒഴുകിയെത്തിയപ്പോഴുണ്ടായ അനുഭൂതിയ്ക്ക് പുതിയ മാനങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും. അതിവിചിത്രവും പുതുമയുള്ളതുമായ പ്രമേയം. ആലോചിച്ചുതീരാത്ത അര്‍ത്ഥതലങ്ങള്‍. ഒന്നുമാലോചിക്കാത്തവര്‍ക്കും ആസ്വദിക്കാവുന്ന സംഭവങ്ങളും അവതരണവും. കോമാളിവേഷങ്ങളിലെ സ്ഥിരം മുഖമായ ജോര്‍ദാന്‍ പീല്‍ അങ്ങനെ ഇഷ്ടസംവിധായകരിലൊരാളായി. ആരാദ്ധ്യനായി. അദ്ദേഹത്തിന്റെ മുന്‍ ചിത്രം 'ഗെറ്റ് ഔട്ട്' കൂടി കാണാനായിരുന്നെങ്കില്‍ എന്നാശിച്ചു.

തട്ടുപൊളിപ്പന്‍ ജുറാസിക് വേള്‍ഡ് ചിത്രം വഴുതിപ്പോയപ്പോള്‍ അന്നുണ്ടായപോലെ മുന്നിലവതരിച്ചത് ഇതേ സംവിധായകന്റെ പുതിയ ചിത്രം 'നോപ്പ്'. ഐമാക്സില്‍ ചിത്രീകരണം, ഐമാക്സില്‍ പ്രദര്‍ശനം. കാണുകതന്നെ. അങ്ങനെയുണ്ടായതാണ് ഈ ബെംഗളൂരു യാത്ര. ഇത്തരമൊരു യാത്രയില്‍ നടത്താനുദ്ദേശിച്ച മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു. ചില പുസ്തകശാലകള്‍ സന്ദര്‍ശിക്കലും ഇവിടെക്കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഫോട്ടോഗ്രഫി ഉപകരണങ്ങള്‍ വാങ്ങലും മറ്റും. അവയും പദ്ധതിയില്‍പ്പെടുത്തി.

ആളുകള്‍ ബഹിരാകാശത്തേക്കുപോയി വീഡിയോ തത്സമയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് വെറുമൊരു ബെംഗളൂരു യാത്ര വലിച്ചുനീട്ടിയെഴുതി കോമാളിയാവാനില്ല. ഒട്ടും യാത്ര ചെയ്യാത്ത ഒരാളെസ്സംബന്ധിച്ച് ഒരു സൌരയൂഥസഞ്ചാരമായതിനാല്‍ ഓരോ നിമിഷവും പോക്കറ്റ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. അതുമതി. ചിലതുമാത്രം ഇവിടെപ്പകര്‍ത്താം.

മുണ്ടുടുത്ത് ഒരു പഴഞ്ചന്‍ ബാഗും തൂക്കി ഇറങ്ങിയപ്പോള്‍ കയ്യില്‍ ഒരു എടിഎം കാര്‍ഡും ഒരു ബെയ്സിക് ഫോണുമൊഴികെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സ്ഥലങ്ങളെല്ലാം അതതുസംരംഭത്തിന്റെ സൈറ്റുകള്‍ നോക്കി മുന്‍കൂട്ടി എഴുതിയെടുത്തിരുന്നു. വിളിക്കാന്‍ മാത്രം പറ്റുന്ന ആ ഫോണ്‍പോലും പിന്നീടാവശ്യം വന്നില്ല. നാലുകീലോമീറ്റര്‍ ദൂരേക്ക് മാത്രം പോകുമ്പോഴും വായിക്കാന്‍ വല്ലതുമുണ്ടാകും കയ്യില്‍. ആയിരം കിലോമീറ്ററിനായി കയ്യിലെടുത്തത് ഒരു മാസികമാത്രം. ക്യാമറ വാങ്ങി അഞ്ചുകൊല്ലമായിട്ട് സംസ്ഥാനത്തിനുപുറത്തുപോകുന്നതാദ്യം. പക്ഷേ അതും കയ്യിലെടുത്തില്ല. പറഞ്ഞല്ലോ, നിറയെ വൈരുദ്ധ്യങ്ങള്‍.

വേഷം കണ്ടിട്ടാകാം, കയറാന്‍ നേരം അത് റിസര്‍വ്ഡ് കോച്ചാണെന്ന് ഒരു പോലീസുകാരന്‍ 'മുന്നറിയിപ്പ്' തന്നു. കോച്ച് എസ് വണ്‍ അല്ലേ എന്നുമാത്രം തിരിച്ചുചോദിച്ചു.

യാത്രയാവുമ്പോള്‍ കഥാപാത്രങ്ങള്‍ പതിവാണല്ലോ. തിരിച്ചുള്ള വണ്ടിക്കെടുത്ത ടിക്കറ്റുമായി അബദ്ധത്തില്‍ക്കയറിയ ഒരാളും ബിനാമി ടിക്കറ്റില്‍ക്കയറി പിടിക്കപ്പെട്ടയാളും ഒക്കെയുണ്ടായിരുന്നു. തീവണ്ടിയിലായിട്ടും രാത്രി പല്ലുതേക്കുന്ന ശീലം ഒഴിവാക്കാത്ത മറ്റൊരാള്‍. അയാള്‍ക്ക് വേറെയും ചില പ്രത്യേകതകള്‍. ബാക്കിയെല്ലാം വിശേഷിച്ചൊന്നും പറയാനില്ലാത്ത അപരിചിതര്‍. ഏതു തീവണ്ടിയാത്രയിലും ആര്‍ക്കൊപ്പവും പരിചയമുള്ള ഒരാളുണ്ടാകും -- തീവണ്ടി തന്നെ. ഇക്കുറി അതിലും ഒരല്പം വ്യത്യസ്തത. പുതുതായുണ്ടാക്കിയ കോച്ചാണ്. നീക്കുന്ന ജനലും എല്‍ഇഡി ലൈറ്റുമെല്ലാം. വിളക്കില്‍നിന്നെത്തുന്ന പ്രകാശത്തിന് നിലാവിന്റെ ഭംഗിയാണ്. സ്വഭാവം പക്ഷേ ഉറക്കം കെടുത്തുന്നതാണെന്നുമാത്രം. തീവണ്ടി ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

വെണ്ണയില്‍ തെന്നിനീങ്ങുന്നത്ര മയത്തിലാണ് തീവണ്ടി പായുന്നത്. ഇത്രയും ഒഴുക്കുള്ള ഒരു തീവണ്ടിയാത്ര ഓര്‍മയിലില്ല. അതിനിടെയാണ് ഇടയ്ക്കിടെയുള്ള ഇടിയും കുലുക്കവും. ബ്രേക്കു ചെയ്യുമ്പോഴും നിര്‍ത്തുകയോ എടുക്കുകയോ ചെയ്യുമ്പോഴുമെല്ലാം കംപാര്‍ട്ടമെന്റുകള്‍ തമ്മിലിടിയ്ക്കുകയാണെന്ന് തോന്നുന്നു. മുന്നിലെ എഞ്ചിന്‍ വണ്ടിവലിക്കുന്നതിനുപകരം പിന്നില്‍നിന്നൊരെഞ്ചിന്‍ വണ്ടിയെ ഉന്തുകയാണെന്നുതോന്നും.

ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പാണ് കുറച്ചപ്പുറത്തെവിടെയോ ഇരുന്ന് ഒരു സ്ത്രീ ഉറക്കെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരു ടീച്ചര്‍ സ്കൂള്‍തലത്തിലുള്ള തന്റെ ശിഷ്യരോട് സംസാരിക്കുകയാണെന്ന് തോന്നുന്നു. താത്വികവും ആത്മീയവുമായ വിഷയങ്ങള്‍. ഓരോ പേരിന്റെയും അര്‍ത്ഥവും ഉല്‍പ്പത്തിയും ചികഞ്ഞ് വിശദീകരണം. സംസ്കൃതശ്ലോകങ്ങളുടെ വ്യാഖ്യാനം. ഒറ്റയടിക്ക് ആദരവ് തോന്നി. ആ ആദരവിനാണ് ക്രമേണ മാറ്റം വന്നുവെന്ന് പറഞ്ഞത്.

സ്ഥലകാലബോധമില്ലാതെയുള്ള ക്ലാസെടുപ്പും ആവേശം കൊള്ളലും അവകാശവാദങ്ങളില്‍ ഉടലെടുത്തുതുടങ്ങിയ പിഴവുകളുമെല്ലാം അതിന് കാരണമായി. സംസാരം ശാസ്ത്രത്തിനെതിരെ തിരഞ്ഞതാണെന്ന് തോന്നുന്നു. ഒരേ ആറ്റങ്ങള്‍ കൊണ്ടുണ്ടാക്കിയിട്ടും ആപ്പിളും ഓറഞ്ചും എങ്ങനെ വ്യത്യസ്തമായെന്നായിരുന്നു അവരുടെ ചോദ്യം. അതിന്റെ ശാസ്ത്രീയവിശദാംശങ്ങള്‍ പോകട്ടെ, ഒരേ ഇഷ്ടികകൊണ്ടുണ്ടാക്കിയിട്ടും കെട്ടിടങ്ങളെങ്ങനെ വെവ്വേറെ ആകൃതിയിലായി എന്ന് ശിഷ്യരിലൊരാള്‍ കുസൃതിയോടെ തിരിച്ചുചോദിച്ചിരുന്നെങ്കില്‍... അതോടെ മനുഷ്യന് സമാധാനമായി ഉറങ്ങാമായിരുന്നു.

ഉറക്കമില്ലാതെ കിടന്ന് പോതനൂരും കോയമ്പത്തൂരും തിരുപ്പൂരുമെല്ലാം കണ്ടു. പിന്ന‌ീടെപ്പോഴുോ ഉറങ്ങി, ഇടയ്ക്കെല്ലാം എഴുന്നേറ്റു. അഞ്ചുമണിക്ക് ദൂരെ പരന്ന ഭൂമിയില്‍ നിരന്നുകിടക്കുന്ന കെട്ടിടങ്ങളുടെ കാഴ്ച കണ്ടു. ഒരുപാടൊരുപാട് വിളക്കുകള്‍. ആദ്യം ആകര്‍ഷകമായിത്തോന്നിയ അവ പിന്നീട് ചിന്തിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പ്രകാശമലിനീകരണമാണ് നടക്കുന്നത്. വെളിച്ചത്തിന്റെ വലിയൊരു പങ്കും ആകാശത്തേക്കാണ് പോകുന്നത്. ഒറ്റ നക്ഷത്രം കാണാനില്ല. വാനനിരിക്ഷകരുടെമാത്രമല്ല, ജീവലോകത്തിന്റെ മൊത്തം ഉറക്കം കെടുത്താന്‍പോന്ന ഒരു വിഷയമാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വിളക്കുകളെപ്പോലെതന്നെയാണല്ലോ ചിലരും എന്ന് പിന്നീടാണോര്‍ത്തത്. സ്ഥലകാലബോധത്തോടെ ചൊരിഞ്ഞാല്‍ ആദരമേറ്റുവാങ്ങാവുന്ന പ്രകാശമല്ലേ നമ്മുടെ ടീച്ചര്‍ എല്ലാവരുടെയും കണ്ണിലടിച്ചുകളിക്കുന്നത്? മുമ്പ് ഇതേ അസുഖം നമുക്കുമുണ്ടായിരുന്നല്ലോ എന്നോര്‍ത്തു. ചില ലക്ഷണങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഏറെ ഭേദപ്പെട്ടിട്ടുണ്ട്.

യശ്വന്ത്പൂര്‍ സ്റ്റേഷനടുത്തുള്ള കോച്ചുപണിയിടത്ത് രണ്ട് പ്രതിമകളുണ്ട്. ഗര്‍ജിക്കുന്ന ഒരു സിംഹവും കുറച്ചപ്പുറത്ത് അബ്ദുള്‍ കലാമും (പെട്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്). ഇരുമ്പുകൊണ്ടുള്ള യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ചാണ് അവ പണിതിരിക്കുന്നതെന്ന് തോന്നുന്നു. ഏറ്റവും നിര്‍ജീവമായ വസ്തുക്കളില്‍നിന്നുണ്ടാവുന്നത് സജീവതയുടെ രണ്ടു പര്യായങ്ങള്‍.

യശ്വന്ത്പൂരില്‍നിന്ന് മജസ്റ്റിക്കിലേക്ക്, ബെംഗളൂരൂവിന്റെ ഏതാണ്ട് മദ്ധ്യത്തിലേക്ക് പോയത് ഓട്ടോവിലാണ്. ബസ്സും മെട്രോയുമൊന്നും പരീക്ഷിക്കാന്‍ സമയമില്ല. പത്തുമണിക്കാണ് സിനിമ. അതിനാകട്ടെ മജസ്റ്റിക്കില്‍നിന്ന് അരമണിക്കൂറെങ്കിലും ബസ് യാത്ര വേറെയുണ്ട്.

ഓട്ടോക്കാരന്‍ വര്‍ത്തമാനപ്രിയനായിരുന്നു. യാത്രയ്ക്ക് എത്രസമയമെടുക്കുമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ സമയത്തില്‍ എത്തിക്കാമെന്നായി അയാള്‍. 'ബേഗ ഹോഗ്ബേക്കാ?' അയാള്‍ ചോദിച്ചു. വേണ്ട, സുരക്ഷിതമായിപ്പോയാല്‍മതി എന്ന് പറഞ്ഞപ്പോള്‍ 'നാനൂ സേഫേ, നന്ഗെ എരടു മക്കളിദെ' എന്നയാള്‍. പിന്നീട് ഓഫീസിലേക്കും മറ്റും പോകുന്നവരെ സമയത്ത് സ്റ്റാന്‍ഡിലോ ബസ്സിലോ എത്തിക്കാന്‍ താന്‍ നടത്താറുള്ള ഓട്ടത്തെപ്പറ്റിയും സിനിമാസ്റ്റൈല്‍ ചെയ്സിങ്ങിനെപ്പറ്റിയുമൊക്കെ അയാള്‍ സംസാരിച്ചു. 'നാനൂ സേഫേ' വാചകം എവിടെപ്പോയെന്ന് തിരിച്ചു ചോദിച്ചില്ല.

ഓട്ടോയിലും ബസ്സിലുമൊക്കെയായി പിന്നീട് അങ്ങോട്ടുമിങ്ങോട്ടും നടന്ന യാത്രകളോ പലരുമായും പല ഭാഷയില്‍ ഉണ്ടായ സംഭാഷണങ്ങളോ എഴുതുന്നില്ല. ചിലര്‍ മാത്രം എന്നോട് ഹിന്ദിയില്‍ സംസാരിച്ചതെന്തിനെന്നാണ് എനിക്കൊരു പിടിയുമില്ലാത്തത്. അതാണെങ്കില്‍ എനിക്കൊരു വശവുമില്ലാത്ത ഭാഷയും. സ്ഥലങ്ങളെക്കുറിച്ചും എഴുതുന്നില്ല. നഗരം വൃത്തിയുള്ളതാണ്, ഇഷ്ടംപോലെ മരങ്ങളും തണലുമുണ്ട് എന്നതുമാത്രം എഴുതാം. തെളിഞ്ഞ ആകാശമുള്ളപ്പോഴും മഴക്കാറുണ്ടോ എന്ന് തോന്നിപ്പിക്കുന്നത്ര പന്തലൊരുക്കുന്നുണ്ട് റോഡരികിലെ മരങ്ങള്‍.

കോറമംഗലം നെക്സസ് മാളിലെ (മുമ്പ് ഫോറം മാള്‍) പിവിആര്‍ ഐമാക്സ് തീയറ്റിലായിരുന്നു സിനിമ. കയറിച്ചെന്നപ്പോള്‍ത്തന്നെ സ്ക്രീനിന്റെ വലിപ്പം മതിപ്പുളവാക്കി (മിക്ക തീയറ്ററിലെയും പോലെ സ്ക്രീനില്‍ ഒരല്പം ചളിപുരണ്ടിട്ടുണ്ടെന്നത് ശ്രദ്ധിക്കാതിരുന്നില്ല). പിന്നില്‍നിന്ന് നാലാമത്തെ വരിയിലോ മറ്റോ നടുക്കാണ് ടിക്കറ്റെടുത്തത്. കുത്തനെയും വിലങ്ങനെയും സ്ക്രീനിന്റെ നടുവിലേക്കായിരിക്കും അവിടെയിരുന്നാല്‍ കാഴ്ച. സ്ക്രീനിന്റെ അറ്റങ്ങള്‍ കാഴ്ചയുടെ പരിധിക്കപ്പുറമായിരിക്കുംവിധമാണ് പൊതുവെ ഐമാക്സിന്റെ ക്രമീകരണം. ഇത്ര പിന്നിലിരുന്നാല്‍ പക്ഷേ സ്ക്രീനിന്റെ താഴെയൊഴികെ എല്ലാ അരികും കാണാം. എന്നാലും സാധാരണ തീയറ്ററുകളേക്കാള്‍ നമ്മെ മൂടുന്ന അനുഭൂതി തന്നെയാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്റെ അപൂര്‍ണതകള്‍ കണ്ണില്‍പ്പെടില്ല എന്നതാണ് പിന്നിലിരുന്നാലുള്ള മറ്റൊരു ഗുണം.

സാധാരണ തീയറ്ററുകളേക്കാള്‍ ഉയരമുള്ള 1.43 മുഖാംശബന്ധവും (Aspect Ratio) 70mm-നേക്കാള്‍ വലിയ ഫോര്‍മാറ്റിലുള്ള ഫിലിമുമെല്ലാമാണ് പരമ്പരാഗത ഐമാക്സിനെ ഒരു ദൃശ്യവിസ്മയമാക്കുന്നത്. എന്നാല്‍ വളരെ കുറച്ചുചിത്രങ്ങളേ ഈ രീതിയില്‍ ചിത്രീകരിക്കുന്നുള്ളൂ. അങ്ങനെ ചിത്രീകരിച്ചാല്‍ത്തന്നെയും ഇന്നുള്ള മിക്ക ഐമാക്സ് തീയറ്ററുകളിലും ഉയരം കുറഞ്ഞ 1.9 എന്ന അനുപാതത്തിലുള്ള സ്ക്രീനും ഡിജിറ്റല്‍ പ്രൊജക്ഷനുമാണ്. ഈ തീയറ്ററിലും അങ്ങനെതന്നെ. സ്ക്രീനിന്റെ വലിപ്പവും അനുപാതവുമെല്ലാം ഇതുതന്നെ ധാരാളമാണ്. എന്നാല്‍ പ്രൊജക്ഷന് തെളിച്ചമോ വ്യക്തതയോ പോരാ. ഒരല്പം മുമ്പ് തുടങ്ങിയ തീയറ്ററായതിനാല്‍ ലേസര്‍ സാങ്കേതികവിദ്യയല്ല (പക്ഷേ വരുന്നുണ്ടെന്ന് വായിച്ചു). അതായിരിക്കാം കാരണമെന്ന് കരുതുന്നു. കറുത്ത സ്ക്രീനിലെ വെളുത്ത അക്ഷരങ്ങള്‍ക്ക് ചുറ്റും ഒരുതരം പ്രഭാവലയം അനുഭവപ്പെട്ടതും ലേസറല്ലാത്തതിന്റെ പ്രശ്നമാണ്, കണ്ണിന്റെ കുഴപ്പമല്ല എന്നാണ് വിശ്വാസം.

പ്രൊജക്ഷന് ഉപയോഗിച്ചിട്ടുള്ള റസലൂഷനും പരിമിതമാണ് (2k-യോ 4k-യോ ആകാം). ഇത്ര വലിയ സ്ക്രീനിലാവുമ്പോള്‍ റസലൂഷന്‍ കുറവായാല്‍ മുന്നിലെവിടെയെങ്കിലും ഇരുന്ന് നോക്കിയാല്‍ ഓരോ പിക്സലും ചതുരത്തില്‍ത്തന്നെ കാണാം. പിന്നിലിരുന്നത് നന്നായെന്നുതോന്നി. ഡിജിറ്റല്‍ സിനിമയുടെ കാലത്ത് സാഹസപ്പെട്ട് 65mm ഫിലിമൊക്കെ ഉപയോഗിച്ച് ചിത്രീകരിച്ചതിന്റെ ഗുണം 'നോപ്പി'ന് പ്രൊജക്ഷനില്‍ ഇത്തിരി നഷ്ടപ്പെടുന്നുണ്ട്. മിഴിവിത്തിരി കുറഞ്ഞാലും ഉയര്‍ന്ന അനുപാതവും വലിയ ഫോര്‍മാറ്റ് സമ്മാനിക്കുന്ന ബൊക്കെയുമെല്ലാം അപ്പോഴും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സാധാരണ തീയറ്ററുകളില്‍ ഉയരം തീരെ കുറഞ്ഞ 2.35 അല്ലെങ്കില്‍ സമാനമായ മുഖാംശബന്ധത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'നോപ്പി'ന് ഐമാക്സിലാവുമ്പോള്‍ മേലും കീഴും ചെത്തിക്കളയേണ്ട ആവശ്യമില്ല.

സിനിമ മികച്ചതുതന്നെയാണ്. പശ്ചാത്തലസംഗീതത്തിന്റെ സാദ്ധ്യതകള്‍ 'അസ്സി'നോളം ഉപയോഗപ്പെടുത്തിയിട്ടില്ലേ എന്നു തോന്നി (സൌണ്ട്‌ട്രാക്ക് മാത്രമെടുത്തു കേട്ടാല്‍ മറിച്ചുചിന്തിക്കാന്‍ തോന്നും; പ്രിപ്പയറിങ് ദ ട്രാപ്പ്, ദ റണ്‍ അര്‍ബന്‍ ലെജന്‍ഡ്സ്, പര്‍സ്യൂട്ട്, നോപ്പ് എന്നീ ട്രാക്കുകള്‍ ഓരോ രംഗത്തിന്റെയും വികാരത്തിന് ജ്വാലയായത് ഓര്‍മവരുന്നു). ഒറ്റയടിക്കുള്ള ആസ്വാദനം മികച്ചതുതന്നെയായിരുന്നു. ഒളിപ്പിച്ചുവച്ചതും ബന്ധം പിന്നീടുമാത്രം വ്യക്തമാകുന്നതുമായ ഒരുപാടു കാര്യങ്ങള്‍, സംഭവങ്ങള്‍. കൂടുതല്‍ അര്‍ത്ഥങ്ങള്‍ ആലോചിച്ചുകണ്ടെത്താന്‍ ബാക്കിയുണ്ടെന്നുറപ്പ്. ഗൂഢമായ രീതികളില്‍ അവതരിപ്പിക്കുമ്പോഴും കഥയ്ക്ക് കൃത്യമായ ഒരു ഘടനയുണ്ട്. വന്യമായ വിഷയമായിട്ടും ആന്തരികമായി ഒരു യുക്തിയുണ്ട്. ഇതു രണ്ടും ഇല്ലാത്തതാണ് സാധാരണ വിഷയങ്ങള്‍ പോലും കൈകാര്യം ചെയ്യുന്ന ഹോളിവുഡ് ചിത്രങ്ങളിലേറെയും. ചിത്രത്തോട് നീതിപുലര്‍ത്തുന്ന രീതിയില്‍ ഒരു നിരൂപണമെഴുതാന്‍ തത്കാലം ഊര്‍ജമില്ല. അതിന്റെയൊന്നും ആവശ്യവുമില്ല. കഴിയുമെങ്കില്‍ ജോര്‍ദാന്‍ പീലിന്റെ ഒരു ചിത്രമെങ്കിലും കാണാന്‍ ശ്രമിക്കുക. ശേഷം അല്പം ആലോചിക്കുക.

മാളില്‍ത്തന്നെ ഒരു ഫോട്ടോഗ്രഫി സ്റ്റോര്‍ കണ്ടു. ചെയ്യുന്ന ജോലിയെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് അവിടെയുണ്ടായിരുന്നത്. ഒരു സെക്കന്‍ഡ് ഹാന്‍ഡ് ലെന്‍സും പുതിയ ചില ഫില്‍റ്ററുകളും മെമ്മറി കാര്‍ഡുമെല്ലാം വാങ്ങി. പതിനേഴായിരം രൂപ വില വരുന്ന 50mm f/1.8G പ്രൈം ലെന്‍സിനുപകരം f/1.8D എന്ന പതിപ്പിന്റെ (ഏഴായിരം രൂപ) സെക്കന്‍ഡ് ഹാന്‍ഡ് എടുത്തപ്പോള്‍ ലെന്‍സിന്റെ മാത്രം ചെലവ് നാലായിരത്തില്‍ ചുരുങ്ങി. ഒരു ഹോബി മാത്രമാകുമ്പോള്‍ അതൊരു നിസ്സാരതുകയല്ലല്ലോ. നിക്കോണിന്റെ തന്നെ എല്ലാ ക്യാമറയിലും ഓട്ടോഫോക്കസ് കിട്ടില്ല എ​ന്നതുമാത്രമേ ഈ മോഡലിന് കാര്യമായ ഒരു കുറവായി പറയാനുള്ളൂ. കിറ്റ് ലെന്‍സിനേക്കാള്‍ എത്രയോ എളുപ്പത്തില്‍ മാന്വല്‍ ഫോക്കസ് ചെയ്യാമെന്നതിനാല്‍ അത് കാര്യമായെടുത്തില്ല. ഫംഗസ്സിന്റെയൊന്നും ഒരു ലക്ഷണവുമില്ലാത്തതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡാണെന്നതും വിഷയമായില്ല. ഇതുവരെയെടുത്തതില്‍ തൃപ്തിതോന്നിയ ചില ചിത്രങ്ങള്‍ കിട്ടിയത് വിലകുറഞ്ഞ മറ്റൊരു സെക്കന്‍ഡ് ഹാന്‍ഡ് ലെന്‍സിലായിരുന്നു.

വില കൂടുമ്പോള്‍ പണിയും കൂടുന്ന ഒരു വൈരുദ്ധ്യമാണ് ഫോട്ടോഗ്രഫി. വില കൂടിയ ക്യാമറയാകുമ്പോള്‍ പ്രവര്‍ത്തിപ്പിക്കാനും കൊണ്ടുനടക്കാനും വൃത്തിയാക്കാനുമെല്ലാം ചെലവേറും. പ്രൊഫഷണലുകള്‍ക്കുമാത്രം ന്യായീകരിക്കാവുന്ന ചെലവ്. ലെന്‍സില്‍പ്പോലുമതെ. പ്രൈം ലെന്‍സുകളെ അപേക്ഷിച്ച് വിലകൂടിയ സൂം ലെന്‍സിലാണ് ഫംഗസ് വരാന്‍ കൂടുതലിട. മാന്വല്‍ ലെന്‍സുകളെ അപേക്ഷിച്ച് വില കൂടിയ ഓട്ടോഫോക്കസ് ലെന്‍സുകളാണ് തത്വത്തിലെങ്കിലും ആദ്യം കേടാവുക.

ഓ​ണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഉപയോക്തൃവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയോടുള്ള വിയോജിപ്പിലുപരി ഇതിനെ ഒരു ഓഫ്‌ലൈന്‍ ഷോപ്പിങ്ങാക്കി മാറ്റിയത് തൊട്ടറിഞ്ഞും പരീക്ഷിച്ചും വാങ്ങുന്നതിന്റെ മെച്ചങ്ങളാണ്. ലെന്‍സൊക്കെ അങ്ങനെയേ വാങ്ങാവൂ. എന്നാല്‍ അപ്രതീക്ഷിതമായി വിലക്കുറവും കിട്ടി ചില സാധനങ്ങള്‍ക്ക്. വിലക്കുറവിനായി ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിരിക്കുന്ന കാലത്ത് അതിന്റെയും പകുതിവിലയ്ക്ക് ബ്രാന്റും വാറന്റിയുമുള്ള ഉത്പന്നം നേരിട്ടുകിട്ടിയത് മറ്റൊരു വിരോധാഭാസം. ഒരു വിരോധവുമില്ലാത്ത വിരോധാഭാസം.

പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകവിപണനക്കാരില്‍പ്പെട്ട സപ്ന ബുക്സിന്റെ ഒരു കേന്ദ്രത്തില്‍ കയറുകയുണ്ടായി. അവരുടെ മറ്റിടങ്ങള്‍, പ്രത്യേകിച്ച് പ്രധാനകേന്ദ്രം സന്ദര്‍ശിക്കാത്തതുകൊണ്ടാകാം, അത് വിചാരിച്ചത്ര വലിയ അനുഭവമായില്ല. കോഴിക്കോടുതന്നെ ഭേദം എന്നുതോന്നി. അപരിചിതമായ സ്ഥലത്തുനിന്നുള്ള തീറ്റ പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉച്ചയൂണ് ഒഴിവാക്കിയിരുന്നു. അങ്ങനെ വിശപ്പ് പിടിമുറുക്കിത്തുടങ്ങിയതും മടുപ്പിന് കാരണമായി. ഒടുവില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കണം എന്നുകരുതിയ പുസ്തകാന്വേഷണത്തിന് ഏറ്റവും കുറച്ചുമാത്രം സമയവും ഊര്‍ജവുമാണ് ചെലവിട്ടത്. എന്നുകരുതി ആവശ്യമുള്ളതൊന്നും കിട്ടാതിരുന്നില്ല.

അഞ്ഞൂറുകിലോമീറ്ററിലേറെ ദൂരം താണ്ടി അറിയാത്ത നാട്ടിലേക്ക്, മറ്റൊരു സംസ്ഥാനത്തേക്ക് ലോകവിവരമില്ലാത്ത ഒരുത്തന്‍ നടത്തുന്ന യാത്ര. ഉള്ളത് ഒരു പകല്‍ മാത്രം. കയറാനുണ്ടായിരുന്നത് പലയിടത്തായി ചിതറിക്കിടന്ന കേന്ദ്രങ്ങള്‍. എല്ലാംകൂടി നടക്കുമോയെന്ന് വലിയ ഉറപ്പില്ലായിരുന്നു. എന്നിട്ടും, ഉദ്ദേശിച്ചത് ഏകദേശം മുഴുവനായിത്തന്നെ നടന്നിട്ടും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പു തുടങ്ങിയപ്പോള്‍ ബാക്കിയുണ്ടായിരുന്നത് രണ്ടരമണിക്കൂറിലേറെ നേരം. ആ ഇരിപ്പില്‍ വായിച്ചു, നടന്നു, കളിചിരികള്‍ക്കും ഓട്ടത്തിനും മുഷിപ്പിനുമെല്ലാം സാക്ഷിയായി.

ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്നു മാറി ഗ്രാനൈറ്റിട്ട ഒരു തളത്തിലെ ബെഞ്ചിലിരുന്നായിരുന്നു വായന. കുറച്ചപ്പുറത്ത് 'ഐ ലവ് ബെംഗളൂരു' ബോര്‍ഡിനടുത്തുനിന്ന് കോളേജ് പ്രായത്തിലുള്ളവര്‍ സെല്‍ഫിയെടുക്കുന്നു. ഇവിടെയരികില്‍ ഓടിനടക്കുന്ന ഒരു ദരിദ്രബാലനാകട്ടെ കയറുചുറ്റി പമ്പരമെറിഞ്ഞ് കളിക്കുന്നു. നോട്ടം ശ്രദ്ധിച്ച ബാലന്‍ പമ്പരത്തില്‍ കൂടുതല്‍ അഭ്യാസങ്ങള്‍ കാട്ടാന്‍ ശ്രമിച്ചു. പരാജയപ്പെട്ട് നിരാശനായി. ആ കുട്ടി പക്ഷേ ശ്രമിച്ചിട്ടെങ്കിലുമാണ് നിരാശനായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ സെല്‍ഫിയെടുത്തവരാകട്ടെ ലൈക്കിന്റെ എണ്ണം കുറഞ്ഞെന്നോര്‍ത്ത് വെറുതേയിരുന്ന് നിരാശപ്പെടുമല്ലോ എന്നു ചിന്തിച്ചു. അപ്പോഴേക്കും കുട്ടി മറ്റെന്തോ കളി കണ്ടെത്തിയിരുന്നു.

കുറച്ചുകഴിഞ്ഞ് പുസ്തകം മടക്കി പ്ലാറ്റ്‌ഫോമിലേക്ക് ചെന്നുനോക്കിയപ്പോഴാണ് എല്ലായിടത്തും ഒരു പൂരത്തിനുള്ള ആളുള്ളത് ശ്രദ്ധിച്ചത്. നടപ്പാലത്തില്‍പ്പോലും ആളൂകള്‍. മടങ്ങിവന്നിരുന്നപ്പോഴും പമ്പരക്കുട്ടി ഒറ്റയ്ക്കുള്ള കളിയിലാണ്. ഒറ്റയ്ക്കെന്നു പറഞ്ഞുകൂടാ. ഒരനിയത്തിയുമുണ്ട്. രക്ഷിതാക്കള്‍ അടുത്തുള്ള ബെഞ്ചില്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു. അവിടെയൊതുങ്ങുന്നു അവരുടെ പൂരം.

അങ്ങനെയിരിക്കുമ്പോഴാണ് ഗ്രാനൈറ്റ് പാകിയ നിലത്ത് ഒരെലിയോടുന്നത് കണ്ടത്. എസ്കലേറ്ററിനുചുവട്ടിലുള്ള മാളത്തില്‍ ഒളിക്കുന്നുമുണ്ട്. ആനയുമുറുമ്പും ഒന്നിക്കുന്നത് ഈ യാത്രയില്‍ അവസാനിക്കുന്നേയില്ല.

അവിടെനിന്ന് പുറപ്പെടുന്ന വണ്ടിയായതിനാല്‍ അരമണിക്കൂര്‍ മുമ്പുതന്നെ കയറിക്കിടക്കാനായി. മറ്റുള്ളവരും മലയാളികളാണ്. ബെംഗളൂരുവിലാണ് മലയാളികള്‍ കൂടുതലെന്നുതോന്നി യാത്രയില്‍ പലപ്പോഴും.

വരുമ്പോഴുണ്ടായിരുന്ന അതേ മയത്തില്‍, താളത്തില്‍ വണ്ടി നീങ്ങി. അപ്പോഴും അതിന്റെ വരണ്ട ചുമയ്ക്ക് ശമനമില്ല. എട്ടുമണിക്കും ആകാശം ഓറഞ്ച് നിറത്തില്‍ത്തന്നെ. അന്തരീക്ഷപാളികളെക്കുറിച്ചോ പ്രകാശപ്രതിഭാസങ്ങളെക്കുറിച്ചോ ഉരുണ്ട ഭൂമിയെക്കുറിച്ചോ ഒന്നും ചിന്തിക്കേണ്ട; പ്രകാശമലിനീകരണം തന്നെയാണ്. തീവണ്ടിയ്ക്കകം പക്ഷേ ഇരുണ്ടതും ശാന്തവുമായിരുന്നതിനാല്‍ സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു. യന്ത്രച്ചുമ പതിയെ തുയില്‍പ്പാട്ടായി.

വീട്ടിലെത്തിയശേഷം കുളിച്ചു, അതിനുശേഷം മാത്രം പല്ലുതേച്ചു. ഫോക്കസ്സുതെറ്റിച്ചുമാത്രം ഫോട്ടോയെടുത്തു. ഉച്ചമയക്കം ഊണിനുമുമ്പാക്കി. അതൊന്നും പതിവാക്കാനില്ല. പക്ഷേ പതിവുതെറ്റിയാല്‍ പരിഭ്രമവുമില്ല. മാനത്തുനോക്കി 'വെളിച്ചപ്പെടുന്ന' തെരിവുവിളക്കുകളും ദിശതെറ്റി ജ്വലിക്കുന്ന വിളക്കുമാടങ്ങളുമെല്ലാം വഴിയില്‍ ഇനിയുമുണ്ടാകുമല്ലോ. അവയൊന്നും പക്ഷേ പമ്പരക്കുട്ടികളുടെ കളിക്ക് തടസ്സമാകില്ല. ഒരെലിയെയും അതിന്റെ മാളത്തില്‍നിന്ന് അകറ്റുകയുമില്ല. വൈരുദ്ധ്യങ്ങളുടെ തീവണ്ടിയും ലക്ഷ്യത്തിലെത്തും.

സെപ്റ്റംബര്‍ 6-ന് കൂട്ടിച്ചേര്‍ത്തത്: പ്രമേയത്തിന്റെ കാര്യത്തില്‍ 'അസ്സി'നോളം വരില്ല 'നോപ്പ്' എന്നു തോന്നി. ചോദ്യങ്ങള്‍ ഏറെ അവശേഷിപ്പിക്കു‌ന്നുണ്ടെങ്കിലും അതെല്ലാം മറക്കാന്‍ മാത്രം പുതുമയുള്ളതാണ് 'അസ്സി'ന്റെ പ്രമേയം. കുടുംബത്തിലെ എല്ലാവരുടെയും അപരരെ ഒന്നിച്ച് കണ്ടുമുട്ടുക, അതും അവര്‍ തങ്ങളെ ആക്രമിക്കാനെത്തുമ്പോള്‍ -- അവിടെയാണ് 'അസ്' തുടങ്ങുന്നത്. അതേസമയം അന്യഗ്രഹത്തുനിന്നുള്ള ആക്രമണമാണ് 'നോപ്പി'ന്റെ പ്രമേയം. കുടുംബത്തിന് ഒന്നാകെ ഒരു പകര്‍പ്പുണ്ടായതെങ്ങനെ, അവര്‍ക്ക് തങ്ങളോടെന്താണ് വിരോധം തുടങ്ങിയ ചോദ്യങ്ങളുടെയൊന്നും ആഴം 'നോപ്പി'ലെ ഭൌമേതര ആക്രമണത്തില്‍ അനുഭവപ്പെട്ടില്ല (അഥവാ അങ്ങനെ വല്ലതും ഒളിച്ചുവച്ചിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടില്ല). എന്നാല്‍ താരതമ്യം ഒഴിവാക്കിയാല്‍ 'നോപ്പി'ന്റെ കഥ നല്ലതുതന്നെ. ചിത്രീകരണത്തിലും മറ്റുമോ, 'അസ്സി'നെ വെല്ലുന്നതും.


Tags:

Read more from Nandakumar at nandakumar.org/blog/