കാലാവസ്ഥാപ്രവചനവും ജ്യോത്സ്യവും
21 Aug 2018
2023-12-25-ന് കൂട്ടിച്ചേര്‍ത്തത്:
- ഈ കുറിപ്പില്‍ തിരുത്തൊന്നും തോന്നുന്നില്ലെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന "എല്ലാമറിയാം" ഭാവം വേണ്ടായിരുന്നു.
- ഏതു രണ്ടു കാര്യം താരതമ്യം ചെയ്യുമ്പോഴും ഫലത്തിലെ കൃത്യതയേക്കാള്‍ പ്രധാനം അടിസ്ഥാനതത്വങ്ങളും സമീപനവുമാണ്, അവ ശരിയായാല്‍ ഫലത്തിലെ കൃത്യതയും ക്രമേണ കൂടും എന്ന തോന്നലാണ് കുറിപ്പിന്റെ ചുരുക്കം.
കേരളം ഇപ്പോള്‍ നേരിട്ട മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായിത്തീര്‍ന്ന ഒരു ചര്‍ച്ചയുണ്ട്. ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന്റെ കൃത്യതയും ജ്യോതിഷപ്രവചനങ്ങളുടെ കൃത്യതയും താരതമ്യപ്പെടുത്തുന്നതാണത്. ശാസ്ത്രം തെറ്റാണെന്നുസ്ഥാപിക്കാന്‍ ജ്യോതിഷവിശ്വാസികള്‍ എക്കാലവും ഉപയോഗിക്കുന്ന ഒരു താരതമ്യപ്പെടുത്തലാണിത്. ഈ വാദത്തിന് ശക്തി കുറഞ്ഞുകഴിഞ്ഞു. ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനം പല ദുരന്തങ്ങളുടെയും തീവ്രത കുറച്ചത് സദാ വാര്‍ത്തയാകാറുണ്ടല്ലോ. പ്രവചനത്തിന്റെ പിശകല്ല, മറിച്ച് അധികൃതര്‍ അത് ചെവിക്കൊള്ളാത്തതും ജനം അപകടമേഖല വിട്ടൊഴിയാത്തതുമാണ് പല ദുരന്തങ്ങള്‍ക്കും പിന്നില്‍ എന്നും നമുക്കറിയാം. എങ്കിലും ഈ താരതമ്യപ്പെടുത്തല്‍ വെറുതേ വിടാറായിട്ടില്ല. പ്രവചനത്തിന്റെ കൃത്യത നോക്കി ശാസ്ത്രവും ജ്യോതിഷവും മാറിമാറി പുണരുന്ന മനോഭാവം അപകടകരമാണ്.
പ്രവചനം ശരിയാണോ തെറ്റാണോ എന്നതല്ല ഒരു പ്രവചനരീതിയുടെ വിശ്വാസ്യത അളക്കുന്നത്. മറിച്ച്, പ്രവചനത്തിനുപയോഗിക്കുന്ന സമീപനത്തില്‍ യുക്തിയുണ്ടോ എന്നതാണ്. എട്ടുമണിക്ക് പുത്തനത്താണിയില്‍നിന്ന് പുറപ്പെട്ട കാര്‍ കോഴിക്കോട്ട് എപ്പോഴെത്തും എന്ന ചോദ്യം പരിഗണിക്കുക. ശരാശരിവേഗം മണിക്കൂറില്‍ അമ്പതുകിലോമീറ്റര്‍ എന്നെടുത്താല്‍ വണ്ടി ഒമ്പതുമണിക്ക് കോഴിക്കോട്ടെത്തും എന്ന് പ്രവചിക്കാം. കാരണം, ഇരുസ്ഥലങ്ങളും തമ്മിലുള്ള ദൂരം അമ്പതുകിലോമീറ്ററാണ്. വഴിയിലൊരു ഗതാഗതക്കുരുക്ക് വന്നാല്‍ ഈ പ്രവചനം തെറ്റുമെന്ന് തീര്‍ച്ച. എന്നാല്‍ നിങ്ങളുടെ നക്ഷത്രത്തിന്റെയോ ശകുനത്തിന്റെയോ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവചനത്തേക്കാള്‍ യുക്തമായ സമീപനമാണിത്. ഗണിതത്തിന്റെ പിന്‍ബലമുണ്ടതിന്.
മറ്റാരെങ്കിലും പറഞ്ഞതുകേട്ട് ജ്യോതിഷത്തെ കണ്ണുംപൂട്ടി എതിര്‍ക്കുന്നവനല്ല ഞാന്‍. സ്ഥാനാന്തരം കാണാനുള്ള s = vt എന്ന സമവാക്യത്തിലേതുപോലെ ജ്യോത്സ്യപ്രവചനങ്ങള്‍ക്കുപിന്നിലെ യുക്തിയും ആരെങ്കിലും പറഞ്ഞുതന്നാല്‍ ഞാനതില്‍ വിശ്വസിക്കാം. മെസോപ്പൊട്ടേമിയ അടക്കമുള്ള പുരാതനസംസ്കൃതികളില്‍ ഉദ്ഭവിച്ച് ഈജിപ്തിലും ഇന്ത്യയിലുമെല്ലാം വളര്‍ന്ന ജ്യോതിഷത്തില്‍ തീര്‍ച്ചയായും ശാസ്ത്രത്തിന്റെ അംശമുണ്ടായിരുന്നു. ഗണിതമുണ്ടായിരുന്നു. വാനനിരീക്ഷണത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം തന്നെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനമായിരുന്നു. എന്നാല്‍ ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും ക്രമേണ വേര്‍പെട്ടു. ഫലഭാഗജ്യോതിഷം ഏതാണ്ട് പൂര്‍ണമായിത്തന്നെ യുക്തിരഹിതമായിത്തീന്നിരിക്കുന്നു.
വണ്ടിയുടെ ഉദാഹരണത്തിലേക്ക് മടങ്ങിയെത്താം. വഴിയിലെ തടസങ്ങള്‍ പ്രവചനത്തിന് വെല്ലുവിളിയാണെന്ന് പറഞ്ഞല്ലോ. ഇവ ശാസ്ത്രത്തിന് പ്രവചിക്കാനാവുമോ? അന്നേ ദിവസത്തെ ജാഥകളും പ്രകടനങ്ങളും വലിയ വണ്ടികളുടെ സഞ്ചാരവുമെല്ലാം കണക്കിലെടുത്താല്‍ ഇതും പ്രവചിക്കാനായേക്കും. ഒപ്പം യാത്രയ്ക്കിടെ ഇന്ധനവും ടയറിലെ കാറ്റുമെല്ലാം തീരാനുള്ള സാദ്ധ്യതയും കണക്കാക്കണം. ഇതുപോലെയാണ് കാലാവസ്ഥയും. എത്രമാത്രം ഘടകങ്ങളുടെ നീക്കങ്ങള്‍ നിങ്ങള്‍ കണക്കിലെടുക്കുന്നോ, അത്രയും കൃത്യമായി നിങ്ങള്‍ക്കത് പ്രവചിക്കാം. എന്നാല്‍ ഇതിന് കൃത്യതയേറിയ നിരീക്ഷണസംവിധാനങ്ങളും ചെലവേറിയ സൂപ്പര്‍കംപ്യൂട്ടറുകളും ആവശ്യമാണ്.
ഇതെല്ലാമുണ്ടായാലും പ്രവചനം കൃത്യമാവണമെന്നില്ല. വണ്ടിയുടെ ഉദാഹരണം തന്നെയെടുക്കുക. വഴിയിലൊരു അപകടമുണ്ടാവുമോ എന്നത് പ്രവചിക്കുക ഏതാണ്ട് അസാദ്ധ്യമാണ്. എതിരേവരുന്ന വണ്ടിയിലെ ഡ്രൈവര്‍ക്ക് പെട്ടെന്ന് കിറുക്കുപിടിച്ചാല്‍? ഇത് തത്കാലം ശാസ്ത്രത്തിന് പ്രവചിക്കാനാവില്ല. അപ്പോഴും ജ്യോതിഷത്തേക്കാള്‍ വിശ്വസ്തം ശാസ്ത്രീയമായ പ്രവചനരീതിയാണെന്നതില്‍ സംശയമില്ല. കാരണം, നമ്മെക്കൊണ്ടാവുംവിധം കണക്കുപയോഗിച്ച് കണ്ടെത്തിയതാണത്. പ്രവചനം എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ പറയാന്‍ കൃത്യമായ ഉത്തരമുണ്ട്.
പ്രവചനത്തിന്റെ കൃത്യത കാലക്രമേണ വര്‍ദ്ധിക്കുമോ എന്നതാണ് മറ്റൊരു മാനദണ്ഡം. കാലാവസ്ഥയെക്കുറിച്ചുള്ള അറിവും ഉപഗ്രഹങ്ങളും സൂപ്പര്‍കംപ്യൂട്ടിങ്ങുമെല്ലാം വികസിക്കുന്തോറും ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന്റെ കത്യതയും വര്‍ദ്ധിക്കും. ഇത് നമുക്കുതന്നെ നേരിട്ടറിവുള്ളതാണ്. പത്തുവര്‍ഷം മുമ്പ് കേട്ട കാലാവസ്ഥാപ്രവചനങ്ങളേക്കാള്‍ കൃത്യമാണ് ഇന്നുള്ള പ്രവചനം. ഒരു പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ ഇത് ഇനിയും കൃത്യമാകാം. എന്നാല്‍ ജ്യോതിഷത്തിന്റെ കാര്യം അതല്ല. അതിന്റെ കൃത്യത ഒരിക്കലും വര്‍ദ്ധിക്കാന്‍ പോകുന്നില്ല. കാരണം, പറഞ്ഞുവച്ച, അചഞ്ചലമായ ചില മാര്‍ഗനിര്‍ദേശങ്ങളാണ് അതിനാധാരം.
ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനം അടുത്തകാലത്തൊന്നും നൂറുശതമാനം കൃത്യമാകാന്‍ പോകുന്നില്ല. എങ്കിലും അതാണ് കൂടുതല്‍ വിശ്വാസ്യം. കാരണം, അതിനുപിന്നില്‍ യുക്തിയുണ്ട്. ശാസ്ത്രവും ജ്യോതിഷവും താരതമ്യപ്പെടുത്തുമ്പോള്‍ എപ്പോഴും ഇതാകണം മാനദണ്ഡം, അല്ലാതെ പ്രവചനം ശരിയായോ എന്നതല്ല (ലക്ഷ്യമല്ല, മാര്‍ഗമാണ് പ്രധാനം). ഒരു നാണയമെറിഞ്ഞാല്‍ അതിന്റെ ഏതുവശം വീഴുമെന്ന് ആര് പ്രവചിച്ചാലും അത് ശരിയാകാന്‍ അമ്പതുശതമാനം സാദ്ധ്യതയുണ്ട്. പ്രവചനം ശരിയായെന്നുകരുതി അയാള്‍ ഒരു നല്ല പ്രവാചകനാകുന്നില്ല.
Nandakumar Edamana
Read more from Nandakumar at nandakumar.org/blog/