വാട്സാപ്പും ഇ-മെയിലും: ഏത് തരും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം?
16 Oct 2017
എന്തെങ്കിലും അയച്ചുതരാനുള്ളപ്പോള്‍ ആളുകള്‍ ആദ്യം ചോദിക്കുക വാട്സാപ്പ് നമ്പറാണ്. അങ്ങനെയൊരു സംഭവം എനിക്കില്ല, ഒരു മെയിലയച്ചാല്‍ മതി എന്ന് ഞാനും പറയും. കൂടുതലൊന്നും പറയാതെ മെയിലയച്ചുതരുന്നവരുണ്ട്. എന്നാല്‍ വാട്സാപ്പിന്റെ പ്രാധാന്യത്തെപ്പറ്റിയും സൗകര്യത്തെപ്പറ്റിയും ക്ലാസെടുക്കാന്‍ മുതിരുന്നവരാണ് അധികവും.
ആദ്യമേ പറയട്ടെ, ഞാന്‍ സോഷ്യല്‍ മീഡിയയ്ക്കെതിരല്ല. ചില പ്രത്യേകസേവനങ്ങളോടുമാത്രമാണ് വിരോധം. ഫെയ്സ്‌ബുക്കും വാട്സാപ്പും ഉപയോഗിക്കാതിരിക്കാന്‍ എനിക്ക് പല കാരണങ്ങളുണ്ട് -- സാങ്കേതികവും നൈതികവും. അവയെല്ലാം ഈ സൈറ്റില്‍ പട്ടികപ്പെടുത്താനും എനിക്കാഗ്രഹമുണ്ട്. ഒരല്പം സമയമെടുക്കുമെന്നതുകൊണ്ട് തത്കാലം അതിന് മുതിരുന്നില്ല.
വാട്സാപ്പിന്റെ കുഴപ്പെത്തെക്കുറിച്ചല്ല, അതുപയോഗിക്കുന്നവരുണ്ടാക്കുന്ന കുഴപ്പത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത് (ഇത് വാട്സാപ്പിന്റെ മാത്രം കാര്യമല്ല, സമാനമായ മറ്റുപല ആപ്ലിക്കേഷനുകള്‍ക്കും ഇതേ പ്രശ്നമുണ്ട്). ഒരു കാര്യം വാട്സാപ്പ് വഴി അയച്ചുതരാമെന്ന് പറയുന്ന ഒരാള്‍ മറ്റൊരാളെ വാട്സാപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഇ-മെയില്‍ തന്നെ അയച്ചുതരണം എന്നാവശ്യപ്പെടുമ്പോള്‍ ഞാനും നിര്‍ബന്ധബുദ്ധി കാണിക്കുകയാവാം. എന്നാല്‍ ഞാന്‍ ആരെയും ഒരു പ്രത്യേകസേവനം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. ഇന്റര്‍നെറ്റില്‍ ലഭ്യമായ നൂറുകണക്കിന് ഇ-മെയില്‍ സേവനങ്ങളില്‍ ഏതും ഒരാള്‍ക്ക് തിരഞ്ഞെടുക്കാം. അത് പണമടച്ചുള്ളതോ സൗജന്യമോ ആവാം. വേണമെങ്കില്‍ സ്വന്തമായി ഒരു മെയില്‍ സെര്‍വര്‍ പ്രവര്‍ത്തിപ്പിക്കുകയുമാവാം. ഒരു പ്രത്യേകസേവനം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതിലും ഭേദമാണല്ലോ പല തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനമുപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കിടയിലെ കൂട്ടായ്മകള്‍ തങ്ങളുടെ പ്രാഥമികചര്‍ച്ചാവേദിയായി വാട്സാപ്പ് തിരഞ്ഞെടുക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നത് ഇതുകൊണ്ടെല്ലാമാണ്. ഉദാഹരണത്തിന്, സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും സുപ്രധാനരേഖകള്‍ പങ്കുവയ്ക്കാന്‍ വാട്സാപ്പ് ഉപയോഗിക്കുന്നതുകൊണ്ട് തങ്ങളും അതുപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പരാതിപ്പെടുന്ന സ്കൂള്‍ അദ്ധ്യാപകര്‍ കേരളത്തിലുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വാട്സാപ്പ് മനശ്ശാസ്ത്രപരമായ ഒരു വൈറസ് ആയി മാറുകയാണ്. അതിനുപകരം അവര്‍ ഇ-മെയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം (Freedom of Choice) ലഭിക്കുമായിരുന്നു.
ഇനി സൗകര്യത്തിന്റെ കാര്യം. വാട്സാപ്പ് ഉപയോഗിക്കാന്‍ പാകത്തില്‍ സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ഒരാള്‍ക്ക് ഇ-മെയില്‍ അയയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സത്യത്തില്‍ കുറേക്കൂടി എളുപ്പമുള്ള പരിപാടിയാണത്.
Nandakumar Edamana
Read more from Nandakumar at nandakumar.org/blog/