വേട്ടയാടുന്ന ബിംബങ്ങള്‍

കണ്ണാടിയിലെ പ്രതിബിംബം നോക്കി അത് താനാണെന്ന് തിരിച്ചറിയാന്‍ മനുഷ്യന് മാത്രമല്ല കഴിവുള്ളത്. വിരലിലെണ്ണാവുന്നതെങ്കിലും ആനയും ചിമ്പാന്‍സിയുമടക്കം ഏതാനും ജീവിവര്‍ഗങ്ങള്‍കൂടി ആ പട്ടികയിലുണ്ട്. എന്നാല്‍ പ്രതിബിംബത്തെ ചുറ്റിപ്പറ്റി ഭാവന നെയ്യുന്നത് മനുഷ്യന്‍ മാത്രമായിരിക്കും.

ഇരുട്ടുമുറിയില്‍ പലകുറി വിളിച്ചാല്‍ കണ്ണാടിയില്‍ പ്രത്യക്ഷപ്പെടുന്ന 'ബ്ലഡി മേരി' മുതല്‍ ഹൊറര്‍ സിനിമകളിലെ കണ്ണാടിരംഗങ്ങള്‍ വരെ ഇതിനുദാഹരണം. കണ്ണാടിയ്ക്കു പുറത്തുള്ള പ്രതിബിംബങ്ങളാണ് കൂടുതല്‍ ഭീതിദം. 'ഡോപ്പിള്‍ഗ്യാങ്ങര്‍', 'ട്വിന്‍ സ്ട്രെയ്ഞ്ചര്‍' എന്നെല്ലാം വിളിപ്പേരുള്ള സാങ്കല്പിക അപരന്മാര്‍ സര്‍ഗസൃഷ്ടികള്‍ക്ക് വിഷയമാവുക മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ പലരുടെയും ഉറക്കം കെടുത്തുകയും ചെയ്യുന്നു.

ഡിസ്നി സ്റ്റുഡിയോയുടെ 'ഡംബോ' കാണാന്‍ തയ്യാറെടുക്കുമ്പോഴാണ് 'അസ്' എന്ന ചിത്രം ശ്രദ്ധയില്‍പ്പെടുന്നത്. നല്ല ചിത്രമെന്ന് പലയിടത്തും വായിച്ചു. ട്രെയിലര്‍ കണ്ടു. അതോടെ ഇന്നലെ ഡംബോ, അസ്സിന് വഴിമാറി.

കോണ്‍ജറിങ്ങിനെ അനുകരിച്ചെത്തുന്ന ഹൊറര്‍ ചിത്രങ്ങളും ഭൗതികത്തെ വെല്ലുന്ന സൂപ്പര്‍ഹീറോ യുദ്ധങ്ങളും ഡിസ്നിയുടെ പുനരവതരണങ്ങളും മാത്രമാണ് പൊതുവെ നമ്മുടെ തീയറ്ററുകളിലെത്താറുള്ള മുഖ്യധാരാ ഹോളിവുഡ് ചിത്രങ്ങള്‍. ഇതു പക്ഷേ വ്യത്യസ്തമെന്നുതോന്നി. ട്രെയിലര്‍ തന്നെ അത്രയേറെ ആകര്‍ഷകമായിരുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ നാല്‍വര്‍ സം‌ഘത്തോട് അച്ഛന്‍ ചോദിക്കുന്നു: "വാട്ട് ആര്‍ യൂ പീപ്പിള്‍?" അതിഥികള്‍ക്കുപകരം മറുപടി പറയുന്നത് സ്വന്തം മകനാണ്: "ഇറ്റ്സ് അസ്".

സ്വന്തം ബിംബങ്ങള്‍ രൂപമെടുത്തെത്തുന്നതെങ്ങനെ? അത് മിഥ്യയോ സത്യമോ? ബിംബങ്ങള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥപതിപ്പുകളോട് എന്താണ് പക തുടങ്ങിയ ചോദ്യങ്ങളാണ് കാണിയെ തീയറ്ററിലെത്തിക്കുന്നത്.

പിന്നില്‍ ഒരിരുപതുപേര്‍. ഇടത്തും വലത്തും മുന്നിലുമെല്ലാം ശൂന്യം. ഹൊറര്‍ ചിത്രം കാണാന്‍ പറ്റിയ അന്തരീക്ഷം. പടിഞ്ഞിരുന്നും ചരിഞ്ഞിരുന്നും കാഴ്ച തുടങ്ങി. പിന്നിലിരുന്ന് വര്‍ത്തമാനം പറയുകയായിരുന്ന രണ്ടുപേരെ നീരസത്തോടെ നോക്കിയപ്പോഴാണ് അതുണ്ടായത് -- സ്ക്രീനില്‍ മുഖ്യകഥാപാത്രവും മിണ്ടാതെയിരിക്കാന്‍ ആംഗ്യം കാണിക്കുന്നു! ട്രെയിലറിലെ ഒരു പ്രധാനവിഷയം 'സ്ട്രെയിഞ്ച് കോയിന്‍സിഡന്‍സസ്' (വിചിത്രമായ ഒത്തുവരവുകള്‍) ആയിരുന്നല്ലോ എന്ന് ഞാനപ്പോഴോര്‍ത്തു. വ്യക്തികള്‍ക്ക് മാത്രമല്ല, സംഭവങ്ങള്‍ക്കും ബിംബങ്ങളുണ്ട് ചിത്രത്തില്‍.

വായില്‍ ചോരയൊലിക്കുന്ന കന്യാസ്ത്രീയോ തലതിരിഞ്ഞ കുരിശോ പൊട്ടിയ സ്പ്രിങ്ങ് പോലെ ഠപ്പെന്നെത്തുന്ന ജമ്പ്സ്കെയറുകളോ ഒന്നും ചിത്രത്തിലില്ല. ഉള്ളത് ശുദ്ധമായ ഭീതിയും ബിംബങ്ങളും പ്രവചനാതീതമായ സംഭവങ്ങളും ആശയങ്ങളുടെ അടിയൊഴുക്കും മാത്രം. തലച്ചോര്‍ ഊരിമാറ്റിയ ശേഷം കാണണമെങ്കില്‍ അങ്ങനെ കണ്ടാസ്വദിക്കാം. അതൊരല്പം ഉപയോഗിക്കാനൊരുക്കമാണെങ്കിലോ, തനതുജനതയ്ക്കുമേല്‍ അധിനിവേശശക്തികള്‍ നടത്തുന്ന ചൂഷണവും അടിച്ചേല്‍പ്പിക്കലും വരെ വായിച്ചെടുക്കാം.

മുഴുവനും പ്രവചിക്കാവുന്നതോ ആ ചീത്തപ്പേരൊഴിവാക്കാന്‍ അനാവശ്യവഴിത്തിരിവുകള്‍ കുത്തിനിറച്ചതോ ആകാറുണ്ട് ചിത്രങ്ങള്‍ പലപ്പോഴും. അസ്സിന്റെ കാര്യം അങ്ങനെയല്ല. അവസാനം വരെ പിരിമുറുക്കമൊഴിയാതെ, പ്രധാനചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാതെ അത് മുന്നോട്ടുപോകുന്നു. ചിത്രം അവസാനിച്ചെന്നുകരുതി എഴുന്നേല്‍ക്കാനൊരുങ്ങുമ്പോഴെത്തുന്ന 'ട്വിസ്റ്റ്' നമ്മുടെ വാ പിളര്‍ത്തുന്നു. അതുവരെയുള്ള എല്ലാ ചോദ്യത്തിനും ഉത്തരം തന്ന് പുതിയൊരു പിടി ചോദ്യങ്ങള്‍ മനസ്സിലെത്തിക്കുന്നു.

രസംകൊല്ലിയായ ഒരു നിരൂപണത്തിനൊരുങ്ങുന്നില്ല. ഒരുങ്ങിയാല്‍ തീരുകയുമില്ല. മിണ്ടാട്ടം മതിയാക്കി ചിന്തിക്കാനാഹ്വാനം ചെയ്യുകയാണ് സംവിധായകന്‍ ജോര്‍ദാന്‍ പീലിന്റെ ഈ സൃഷ്ടി. അത്രയൊന്നും പരിചിതരല്ലാത്ത അഭിനേതാക്കളാകട്ടെ പരിചിതവും അപരിചിതവുമായ ഭാവങ്ങളെല്ലാം കലര്‍ത്തി അത്രമേല്‍ ഭംഗിയായി അവരുടെ പങ്കുവഹിയ്ക്കുന്നു. മൈക്കല്‍ ആബല്‍സിന്റെ അര്‍ത്ഥശൂന്യമായ സംഗീതമോ, അര്‍ത്ഥപൂര്‍ത്തി വരുത്തുകയും ചെയ്യുന്നു.

Read more from Nandakumar at nandakumar.org/blog/