കലണ്ടര്‍ കുറിച്ചത്

ഏസിയുടെ തണുപ്പാണ് എന്നെ പലപ്പോഴും സെമിനാര്‍ ഹാളില്‍നിന്ന് അകറ്റിനിര്‍ത്താറുള്ളത്. ഇന്നുപക്ഷേ വാതില്‍തുറന്നുകയറിയതും വരവേറ്റത് രാമചന്ദ്രന്‍മാഷിന്റെ ഊഷ്മളമായ ആശ്ലേഷമായിരുന്നു.

മുന്‍നിരകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ഞാനോര്‍ത്തു, ഇതേ സെമിനാര്‍ കോംപ്ലക്സില്‍ വച്ചാണ് മാഷിനെ ആദ്യമായി കാണുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏതോ പരിപാടിയുടെ ഭാഗമായി എട്ടുപത്തുകൊല്ലം മുമ്പ്. കലണ്ടറായിരുന്നു മാഷിന്റെ വിഷയം. വീട്ടിലെ കലണ്ടര്‍ പലതവണ മാറിയിട്ടും ആ ക്ലാസ് ഓര്‍മയിലുണ്ടായി. പക്ഷേ മാഷിന്റെ പേര് മറന്നുപോയി. കോഴിക്കോട് സര്‍വകലാശാലാ ഗണിതവിഭാഗത്തിലെ ഒരദ്ധ്യാപകന്‍ എന്ന അവ്യക്തമായ ഓര്‍മ മാത്രം അവശേഷിച്ചു.

ഒന്നരക്കൊല്ലം മുമ്പാണ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയായി പ്രവേശനം നേടുന്നത്. സര്‍വകലാശാലയുടെ സൈറ്റുകളും സര്‍വകലാശാലയെക്കുറിച്ചുള്ള സൈറ്റുകളും ഓരോന്നായി ചികഞ്ഞെടുത്തുനോക്കുന്നതിനിടെ അപ്രതീക്ഷ‍ിതമായി ആ സൈറ്റിലെത്തി: ramachandranpt.in. സര്‍വകലാശാലാ ഗണിതവിഭാഗം മേധാവി, കലണ്ടറിലും കേരളത്തിന്റെ ഗണിതപാരമ്പര്യത്തിലുമെല്ലാം താല്പര്യം, താടി. അതെ, ഇത് ആ മാഷിന്റെ സൈറ്റുതന്നെ.

വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ കലണ്ടര്‍ ക്ലാസില്‍ എന്നെ ആകര്‍ഷിച്ചതെന്തെന്നോര്‍മയില്ല. എന്നാല്‍ ഇത്തവണ എന്നെ ആകര്‍ഷിച്ചത് ആ സൈറ്റായിരുന്നു. നമ്മുടെ ചുറ്റുവട്ടത്തെ ഒരു ഗണിതാദ്ധ്യാപകന്‍ സ്വന്തമായി ഒരു സൈറ്റ് കൊണ്ടുനടക്കുന്നത് രസമുള്ള കാര്യംതന്നെ. പേഴ്സണല്‍ സൈറ്റുകള്‍ ഏറെപ്പേര്‍ക്കുണ്ട്. വെബ് ഡിസൈനര്‍മാരും മറ്റ് സാങ്കേതികപ്രവര്‍ത്തകരും സ്വന്തം പരസ്യാര്‍ത്ഥം തുടങ്ങുന്നതാണ് പലതും (അതൊരു കുറ്റമാണെന്നല്ല). അല്ലെങ്കില്‍പ്പിന്നെ സിനിമാതാരമോ മറ്റോ. ഇത്തരം സൈറ്റുകളില്‍ കയറിയിറങ്ങാമെന്നല്ലാതെ ഒന്നും എടുത്തുകൊണ്ടുവരാനുണ്ടാവില്ല. അദ്ധ്യാപകര്‍ക്കും പരിശീലകര്‍ക്കുമാണ് സ്വന്തം സൈറ്റുവഴി വിഭവങ്ങള്‍ വിതരണം ചെയ്യാനാവുക. അതാകട്ടെ ചുരുക്കം ചില കംപ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകര്‍ മാത്രം ചെയ്യുന്ന കാര്യവും. (ഈ കുറിപ്പെഴുതുമ്പോള്‍ മാഷിന്റെ സൈറ്റ് പുതുക്കലിലാണെന്ന് തോന്നുന്നു.)

ആ സൈറ്റില്‍ക്കണ്ട ഈമെയില്‍ വിലാസമുപയോഗിച്ച് പരിചയം പുതുക്കുകയും നേരില്‍ക്കാണുകയും ചെയ്തു. പിന്നീട് മാഷിന്റെ നേതൃത്വത്തിലുണ്ടായ ചില പരിപാടികളില്‍ പങ്കെടുത്തു. പലപ്പോഴായി ആശയവിനിമയത്തിലേര്‍പ്പെട്ടു. ബൂട്ട് ഡിസ്കിലെ വൈറസ്സിനെ പിടിച്ചെടുത്തതുള്‍പ്പെടെ ചില കംപ്യൂട്ടര്‍ അനുഭവങ്ങളും അദ്ദേഹം പങ്കിട്ടു. ചെറുപ്പക്കാലത്ത് സ്വന്തം ഡയറി എന്‍ക്രിപ്റ്റ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് അതിനേക്കാള്‍ രസകരമായിത്തോന്നിയത്. കൂടുതല്‍ ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ എന്റെ വായന കടുത്തതുകൊണ്ട് അദ്ദേഹം നിര്‍ദേശിച്ച (വച്ചുനീട്ടിയ) ഗണിതപുസ്തകങ്ങള്‍ പക്ഷേ വായനയ്ക്കെടുത്തില്ല.

ടോപ്പോളജിയുമായി ബന്ധപ്പെട്ടുനടന്ന സെമിനാറിന്റെ സമാപനമായിരുന്നു ഇന്ന്. അതുതന്നെയായിരുന്നു മാഷിന്റെ യാത്രയയപ്പും. വെളുത്ത തലയുള്ളവരും കറുത്ത തലയുള്ളവരും ഇളം തലമുറക്കാരും ഓര്‍മകള്‍ പങ്കുവച്ചു. ഏസിയുടെ തണുപ്പേറ്റ് വിറ തുടങ്ങിയിരുന്ന ഞാന്‍ എഴുന്നേറ്റില്ല. എഴുന്നേറ്റിരുന്നെങ്കില്‍ ഒരൊറ്റക്കാര്യമേ പറയുമായിരുന്നുള്ളൂ. അതിതാണ്:

എന്റെയറിവില്‍ മാഷ് നടത്തിയ പല പരിപാടികളുടെയും ഊര്‍ജം സ്വന്തം താത്പര്യമായിരുന്നു. പലതും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതുമായിരുന്നു. ഫണ്ടിനുവേണ്ടി നടത്തുന്ന പരിപാടികളും ഫണ്ടിന്റെ പേരില്‍ മുടങ്ങുന്ന പരിപാടികളും സര്‍വകലാശാലാവകുപ്പുകളിലെ സ്ഥിരം കാഴ്ചയാണ്. ഗവേഷണകേന്ദ്രങ്ങളെന്ന പേരില്‍ സാധാരണക്കാരെ പാടേ അകറ്റിനിര്‍ത്തുന്നതും പതിവാണ്. അപ്പോഴാണ് ഒരു ഫണ്ടിന്റെയും പിന്‍ബലമില്ലാതെ മാഷിനെപ്പോലെയുള്ളവര്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത്. അങ്ങനെ വേറെയും വകുപ്പുമേധാവികളുണ്ടാകാം. കണ്‍മുന്നില്‍ക്കണ്ട ഒരുദാഹരണം പറഞ്ഞുവെന്നുമാത്രം. ഫണ്ടുള്ള കോണ്‍ഫറന്‍സുകള്‍ക്കും ഗവേഷണത്തിരക്കിനുമിടെ പൊതുജനത്തെ ഉദ്ദേശിച്ച് യാതൊരു ചെലവുമില്ലാത്ത ചെറുപരിപാടികള്‍ സംഘടിപ്പിക്കാന്‍കൂടി വകുപ്പുകള്‍ മുന്‍കൈയെടുക്കട്ടെ.

Read more from Nandakumar at nandakumar.org/blog/