ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ മലയാളത്തിലെഴുതുമ്പോഴും വായിക്കുമ്പോഴും രണ്ട് പ്രശ്നങ്ങള്‍ മുന്നില്‍പ്പെടാറുണ്ട്. കുത്തുപയോഗിക്കണോ വേണ്ടയോ എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഹൈഫന്റെ ഉപയോഗമാണ് അടുത്തത്. അതാകട്ടെ വലിയ അസ്വസ്ഥതയാണുണ്ടാക്കുന്നത്.
ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ മലയാളത്തിലെഴുതുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ കുത്തുപയോഗിച്ചിരുന്നു. അടുത്തകാലത്തായി ഇത് അവശ്യമല്ലെന്ന് ബോദ്ധ്യപ്പെട്ടു. പൂച്ച എന്നര്‍ത്ഥമുള്ള CAT എന്ന വാക്കും 'കംപ്യൂട്ടര്‍-അസിസ്റ്റഡ് ട്രാന്‍സ്‌ലേഷന്‍' എന്നര്‍ത്ഥമുള്ള C.A.T. എന്ന ചുരുക്കെഴുത്തും വേര്‍തിരിച്ചുകാട്ടാന്‍ ഇംഗ്ലീഷില്‍ കുത്തുപയോഗിക്കണം. എന്നാല്‍ മലയാളത്തില്‍ 'സിഎടി' എന്ന് കുത്തില്ലാതെ എഴുതിയാല്‍ത്തന്നെ 'ക്യാറ്റു'മായി അതിനുള്ള വ്യത്യാസം വ്യക്തം. ആശയക്കുഴപ്പമുണ്ടാക്കാത്ത വേളകളില്‍ ഇംഗ്ലീഷില്‍ത്തന്നെ കുത്തുകള്‍ ഉപയോഗിക്കാറില്ലെന്നുമോര്‍ക്കണം. URL, HDD, DVD എന്നിവ ഉദാഹരണങ്ങള്‍. മലയാളത്തിലെ ചുരുക്കെഴുത്തുകള്‍ക്കും (ഉദാ: സ്വമക - സ്വതന്ത്രമലയാളം കംപ്യൂട്ടിങ്) ആശയക്കുഴപ്പമുണ്ടാകില്ലെങ്കില്‍ കുത്തുകളൊഴിവാക്കാം.
അതുകൊണ്ട് ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ മലയാളത്തിലെഴുതുമ്പോള്‍ കുത്തൊഴിവാക്കുകയാണ് ഇപ്പോഴെന്റെ രീതി. ശൈലീപുസ്തകമനുസരിച്ച് കുത്തുപയോഗിക്കുന്ന പ്രസാധകര്‍ക്കുവേണ്ടി എഴുതുമ്പോള്‍ കുത്തിടാറുമുണ്ട്. സ്വരങ്ങളും ചില്ലുകളുമെല്ലാം ഒന്നിച്ചുവരുമ്പോള്‍ അതാണ് വായിക്കാനെളുപ്പം എന്ന് തോന്നുകയും ചെയ്യും. എന്നാല്‍ സഹിക്കാനാവാത്ത ഒരു ഒന്നുണ്ട് -- ചുരുക്കെഴുത്തുകളോടോ മറ്റിംഗ്ലീഷ് വാക്കുകളോടോ പ്രത്യയം ചേര്‍ക്കാന്‍ ഹൈഫന്‍ ഉപയോഗിക്കുന്ന പരിപാടി. 'യുഎന്നിന്റെ വെബ്‌സൈറ്റ്' എന്നെഴുതുന്നതിനുപകരം 'യുഎന്‍-ന്റെ' എന്നെഴുതുന്നത് വൃത്തിയല്ല എന്നാണ് എനിക്ക് തോന്നാറുള്ളത്.
ചുരുക്കെഴുത്തില്‍ കുത്തുകളുപയോഗിക്കുന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. വായിച്ചുതുടങ്ങാന്‍ യോജിച്ച ഒരു പേജ്:
https://en.wikipedia.org/wiki/Initialism#Orthographic_styling