കാട്ടുതീ കൊളുത്തുന്ന ചാറ്റ് ഗ്രൂപ്പുകള്‍

(ഇന്‍ഫോകൈരളി മെയ് 2018 ലക്കത്തിനുവേണ്ടി "സോഷ്യല്‍ മീഡിയയുടെ 'ശക്തി' അതിരുകടക്കുമ്പോള്‍" എന്ന പേരില്‍ എഴുതിയ എഡിറ്റോറിയല്‍)

ശബ്ദരേഖ: Ogg High Quality Mono (7.1 MiB) | Ogg Low Quality Mono (2.46 MiB)

ഒരു കാരണവുമില്ലാതെ തെരുവിലിറങ്ങി നൃത്തം ചെയ്യുന്ന നൂറുകണക്കിനാളുകള്‍. വിശ്രമമില്ലാതെ ദിവസങ്ങളോളം നൃത്തം, ഒടുവില്‍ മിക്കവാറും മരണം. അതായിരുന്നു 1518-ലെ 'ഡാന്‍സിങ് പ്ലേഗ്'. സ്ട്രാസ്ബര്‍ഗിലുണ്ടായ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസ് ഹിസ്റ്റീരിയ എന്ന പേരില്‍ ഇത്തരം സംഭവങ്ങള്‍ അനേകമുണ്ടായിട്ടുണ്ട് ചരിത്രത്തില്‍. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിപോലെ വിചിത്രസ്വഭാവം ഒരു സമൂഹത്തെ ബാധിക്കുന്നു. ഭക്ഷ്യവിഷബാധ പോലുള്ള കാരണങ്ങളും ഇവയ്ക്കുപിന്നിലുണ്ടാകാമെങ്കിലും പലതിന്റെയും പിന്നിലുള്ളത് മനശ്ശാസ്ത്രം തന്നെയാണ്. പത്രം പോലും ദുര്‍ബലമായിരുന്ന ഒരു കാലത്ത് ആശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇത്രമേല്‍ കോളിളക്കം സൃഷ്ടിക്കാനായെങ്കില്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് മാസ് ഹിസ്റ്റീരിയകള്‍ ദുരന്തങ്ങള്‍ക്കാവും വഴിവയ്ക്കുക.

ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ ശക്തി അതിനൊരു നിയന്ത്രണകേന്ദ്രമില്ല എന്നതുതന്നെയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. ഡിജിറ്റല്‍ ജനാധിപത്യമാണ് ഇന്റര്‍നെറ്റ്.

ന്യൂസ്‌ഗ്രൂപ്പുകളും മെയിലിങ് ലിസ്റ്റുകളും ഫോറങ്ങളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയുടെ വഴി വെട്ടിത്തുറന്നപ്പോള്‍ ഗൌവരവമുള്ള വിഷയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. സാങ്കേതികവിദഗ്ധര്‍ മാത്രമായിരുന്നല്ലോ ഉപയോക്താക്കള്‍. അവനവന്‍ പ്രസാധകന്‍ എന്ന ആശയവുമായി ബ്ലോഗുകള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ ഇന്റര്‍നെറ്റിന്റെ ജനാധിപത്യം ജനകീയമായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സേവനങ്ങള്‍ കൂടി വന്നതോടെ സോഷ്യല്‍ മീഡിയ അതിന്റെ പാരമ്യത്തിലെത്തി.

ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ സാങ്കേതികവിദ്യ ലളിതവും വ്യാപകവുമാകുന്നത് നല്ലതുതന്നെ. എന്നാല്‍ പക്വതയില്ലാത്ത ഉപയോഗത്തിലേക്കുകൂടി അത് വഴിവയ്ക്കും. സ്വകാര്യതാപ്രശ്നങ്ങള്‍ ഫെയ്സ്‌ബുക്ക് പോലെ ഏതാനും ചില സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്കുമാത്രമേയുള്ളൂ. എന്നാല്‍ കപടവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും അത് കണ്ണുംപൂട്ടി വിശ്വസിക്കുന്നവരും ഏത് സോഷ്യല്‍ മീഡിയാ സേവനത്തിലുമുണ്ട്. അതിന് കമ്പനികളെ കുറ്റംപറയാനാവില്ല.

കുപ്പിവെള്ളത്തില്‍ ഡൈഹൈഡ്രജന്‍ മോണോക്സൈഡ് ഉണ്ടെന്ന 'പേടിപ്പിക്കുന്ന വാര്‍ത്ത' ഒരിക്കല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിയിരുന്നു. ഒരു ചെറിയ തിരച്ചിലെങ്കിലും നടത്തിയിരുന്നെങ്കില്‍ പച്ചവെള്ളത്തിന്റെ രാസനാമം മാത്രമാണ് അതെന്ന് അവര്‍ മനസ്സിലാക്കിയേനെ. (ബ്ലോഗില്‍ കൂട്ടിച്ചേര്‍ത്തത്: തെറ്റിദ്ധാരണാജനകമെങ്കിലും ഏറെ വിശദവും രസകരവുമാണ് ഇതുമായി ബന്ധപ്പെട്ട dhmo.org എന്ന വെബ്‌സൈറ്റ്.)

സോഷ്യല്‍ മീഡിയയിലെ പിറന്നാള്‍ക്ഷണം പോലീസ് പോലും ഇടപെടേണ്ടിവന്ന 'ഓവര്‍ക്രൌഡിങ്' പ്രതിഭാസങ്ങള്‍ക്കുകാരണമായിട്ടുണ്ട്. അത് ഒരു വ്യക്തിയുടെ അബദ്ധം. രാഷ്ട്രീയത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ആളുകളെ തമ്മിലടിപ്പിക്കാന്‍ നേതാക്കള്‍ മനപ്പൂര്‍വം ശ്രമം നടത്തിയാല്‍, അതിന് സോഷ്യല്‍ മീഡിയ ആയുധമായാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും.

നേതാക്കളില്ലാതെതന്നെ അപകടങ്ങള്‍ ഉണ്ടാകാമെന്നതിന് തെളിവായിരുന്നു കഴിഞ്ഞമാസം കേരളത്തിലുണ്ടായ ഹര്‍ത്താല്‍. അതിന് തുടക്കംകുറിച്ചത് പ്രത്യക്ഷത്തില്‍ ഒരു പാര്‍ട്ടിയുമല്ല. എന്നിട്ടും ഹര്‍ത്താല്‍ 'വിജയമായി'. ഉദ്ദേശ്യം എന്തുതന്നെയായാലും അത് അക്രമത്തിലേക്കാണ് വഴിവച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിളക്കാണ് സോഷ്യല്‍ മീഡിയ. അതിന്റെ തിരി പക്ഷേ കാട്ടുതീ കൊളുത്താനുള്ളതല്ല. ഒരു സംസ്ഥാനമാകെ സ്തംഭിപ്പിക്കാന്‍ ചാറ്റ് ഗ്രൂപ്പുകള്‍ക്ക് കഴിയുമെങ്കില്‍ ഇതേ ശക്തി ഒരു സേവനപ്രവര്‍ത്തനത്തിനോ ബോധവത്കരണത്തിനോ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? വരുന്ന പരിസ്ഥിതിദിനത്തിലെങ്കിലും സോഷ്യല്‍ മീഡിയയുടെ 'യഥാര്‍ത്ഥശക്തി' നമുക്ക് കാണാനാകുമോ?


Tags: social media, mass hysteria, whatsapp, peace, internet, technology

Read more from Nandakumar at nandakumar.org/blog/