പാക് സൈറ്റുകള്‍ തകര്‍ക്കുന്നതാണോ രാജ്യസ്നേഹം?

ശബ്ദരേഖ: Ogg High Quality Mono (9.15 MiB) | Ogg Low Quality Mono (3.22 MiB)

താക്കോല്‍ നഷ്ടപ്പെട്ടാല്‍ കൊല്ലനെ വിളിക്കുന്നത് അസാധാരണമല്ല. എന്നാല്‍ സ്വന്തം വീടിന്റെ പൂട്ട് കുത്തിത്തുറക്കാന്‍ കള്ളന്റെ സഹായം തേടിയാല്‍? ദൌര്‍ഭാഗ്യവശാല്‍ അതാണ് പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇപ്പോള്‍ ചെയ്യുന്നത്. ഏതു പൂട്ടും തുറക്കാന്‍ പഠിച്ച കൊല്ലന്മാരാണ് അവര്‍ക്ക് ഹാക്കര്‍മാര്‍. 'ഇ-മെയിലും പാസ്‌വേഡും സുരക്ഷാച്ചോദ്യവുമെല്ലാം മറന്നുപോയി, എന്റെ ഫെയ്സ്ബുക്ക് അക്കൌണ്ടൊന്ന് ഹാക്കുചെയ്തുതരാമോ' എന്ന് പലരും ചോദിച്ചുകേട്ടിട്ടുണ്ട്. ഗൂഗിളും ഫെയ്സ്ബുക്കുമെല്ലാം ഇത്രയെളുപ്പത്തില്‍ ഹാക്കുചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ പിന്നെ എന്തുധൈര്യം വച്ചാണാവോ അതെല്ലാം ഇത്രയും കാലമുപയോഗിച്ചത്? അക്കാര്യം ചോദിച്ചാല്‍ അവര്‍ ഒരുനിമിഷം അന്തംവിട്ടുനില്ക്കും, പിന്നെ ജാള്യത്തോടെ ചിരിക്കും.

നമ്മുടെ സൈറ്റുകള്‍ ശക്തിപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ ധീരന്മാര്‍. അല്ലാതെ വിദേശസൈറ്റുകളില്‍ കൈത്തരിപ്പുതീര്‍ക്കുന്നവരല്ല.

സൈബര്‍ സുരക്ഷാ ബോധവത്കരണത്തെക്കുറിച്ച് ഇതേ ബ്ലോഗില്‍ ഇന്നലെ ഒരു കുറിപ്പെഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാര്യത്തെപ്പറ്റിയുമെഴുതണമെന്നുതോന്നിയത്. അതിനിരുന്നപ്പോള്‍ കൂടുതല്‍ ഗൌരവമുള്ള മറ്റൊരു പ്രശ്നം ഓര്‍മയിലെത്തി. എഴുതണമെന്ന് ഏറെക്കാലമായി വിചാരിച്ചതാണ്. വിദേശവെബ്സൈറ്റുകള്‍ക്കുനേരെയുള്ള ആക്രമണം രാജ്യസ്നേഹമായി കാണുന്നതിലെ അപകടമാണത്. അങ്ങനെയാണ് തലക്കെട്ട് ഇങ്ങനെയായത്.

ഹാക്കിങ്ങില്‍നിന്നുതുടങ്ങാം. ഹാക്കര്‍ എന്നാല്‍ കുറ്റവാളിയാണ് മിക്കവര്‍ക്കും. ദുരുദ്ദേശ്യത്തോടെയുള്ള നുഴഞ്ഞുകയറ്റം 'ബ്ലാക്ക് ഹാറ്റ് ഹാക്കിങ്' ആണെന്നും സദുദ്ദേശ്യത്തോടെയുള്ള മറ്റുതരം ഹാക്കിങ്ങുകളുമുണ്ട് എന്നും പല പ്രസിദ്ധീകരണങ്ങളിലും വരാറുണ്ട്. പക്ഷേ അതും യഥാര്‍ത്ഥചിത്രം സമ്മാനിക്കുന്നില്ല. സൂത്രവിദ്യകളാണ് സത്യത്തില്‍ ഹാക്കുകള്‍. ആറാനിടുന്ന തുണി പാറാതിരിക്കാന്‍ ക്ലിപ്പിടുന്നതുപോലെയാണ് 'ലൈഫ് ഹാക്കുകള്‍'. എന്നാല്‍ രണ്ടായിരങ്ങളില്‍ മാത്രം പ്രചാരമാര്‍ജിച്ച ഈ വാക്കിനുമെത്രയോമുമ്പ് സമാനമായ അര്‍ത്ഥത്തില്‍ ഹാക്കര്‍ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നു. അറുപതുകളില്‍ എംഐടി നിര്‍മിതബുദ്ധി ഗവേഷണശാലയിലായിരുന്നു അത്. ആര്‍ക്കും ദോഷം വരാത്ത രീതിയില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയവരായിരുന്നു ഹാക്കര്‍മാര്‍. പ്രോഗ്രാമര്‍മാര്‍ തന്നെയായിരുന്നു ഹാക്കര്‍മാര്‍.

അയല്‍ക്കാരന്റെ സോഷ്യല്‍ മീഡിയാ അക്കൌണ്ടിലേക്ക് നുഴഞ്ഞുകയറാമെന്ന വ്യാമോഹം മാത്രമാണ് പലരെയും ഹാക്കിങ് കോഴ്സുകളിലേക്ക് ആകര്‍ഷിക്കുന്നത്.

പിന്നീട് സുരക്ഷാഭീഷണി എന്ന രീതിയില്‍ ഹാക്കറിന് അര്‍ത്ഥഭേദം സംഭവിച്ചു. അത് 'ക്രാക്കറി'ന്റെ പര്യായമായി മാറി. വൈകാതെതന്നെ അക്രമികളെയും സുരക്ഷാ ഗവേഷകരെയും വേര്‍തിരിക്കാന്‍ നാം കരിന്തൊപ്പിയും വെള്ളത്തൊപ്പിയും തുളവീണ മറ്റനേകം തൊപ്പികളും നെയ്തെടുത്തു. ഇപ്പോഴിതാ 'എത്തിക്കല്‍ ഹാക്കിങ്' വലിയൊരു തരംഗവുമായി. സുരക്ഷാപ്പഴുതുകള്‍ കണ്ടെത്തി മുന്നറിയിപ്പുതരുന്ന പെനിട്രേഷന്‍ ടെസ്റ്റിങ്ങും മറ്റുമാണ് എത്തിക്കല്‍ ഹാക്കിങ് കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ അയല്‍ക്കാരന്റെ സോഷ്യല്‍ മീഡിയാ അക്കൌണ്ടിലേക്ക് നുഴഞ്ഞുകയറാമെന്ന വ്യാമോഹം മാത്രമാണ് പലരെയും അതിലേയ്ക്കാകര്‍ഷിക്കുന്നതെന്നുവ്യക്തം. പേരില്‍ എത്തിക്സുള്ള സ്ഥിതിക്ക് കുറ്റബോധം തോന്നേണ്ട കാര്യവുമില്ല.

രാജ്യത്തിന് ഒരു 'സൈബര്‍ ആര്‍മി' വേണമെന്നും തനിക്കതില്‍ പങ്കെടുക്കണമെന്നും ആവേശത്തോടെ പറയുന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇന്നുണ്ട്. എന്റെ സഹപാഠികള്‍ക്കിടയില്‍ത്തന്നെ ഞാന്‍ ഈ ആവേശം കണ്ടിട്ടുണ്ട്. പ്രതിരോധം എന്ന നിലയില്‍ നല്ലൊരു ചിന്തയാണെന്ന് തോന്നിയിരുന്നെങ്കിലും ഇതിന്റെ ഇരുണ്ടവശം ഈയടുത്തുമാത്രമാണ് എനിക്ക് ബോദ്ധ്യപ്പെട്ടത്. തലക്കെട്ടില്‍പ്പറഞ്ഞ വിഷയത്തിലേക്ക് നാം ഇപ്പോഴാണെത്തുന്നത്.

പത്രങ്ങള്‍ ഈ ദുഷ്പ്രവണതയെ വിശുദ്ധവല്‍ക്കരിക്കുന്നു.

ഏതെങ്കിലുമൊരു ഇന്ത്യന്‍ സൈറ്റ് ആക്രമിക്കപ്പെട്ടാല്‍, അതില്‍ ഒരു പച്ചക്കൊടി കണ്ടാല്‍, ഉടനേ നൂറ് പാക് സൈറ്റുകള്‍ തകര്‍ത്ത് രാഷ്ട്രത്തോട് 'കടമ നിറവേറ്റുന്ന' പ്രവണത കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷമായി ശക്തിപ്പെട്ടിട്ടുണ്ട്. മുഖ്യധാരാപത്രങ്ങള്‍ ഇത് വലിയ വാര്‍ത്തയാക്കുന്നതും അവിടെ കമന്റിടുന്നവരെല്ലാം നമ്മുടെ ഹാക്കര്‍മാരെ പുകഴ്ത്തുക മാത്രം ചെയ്യുന്നതും എന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. അങ്ങാടിയില്‍ത്തോറ്റതിന് അമ്മയോട് തട്ടിക്കയറുന്ന ഈ പരിപാടി എന്നുമുതലാണ് ഹീറോയിസമായി മാറിയത്? മര്യാദകേടിനപ്പുറം രാജ്യസുരക്ഷയെ ബാധിക്കാന്‍പോന്ന ഒരു നടപടികൂടിയാണിത്.

അക്രമിച്ചവരുടെ സൈറ്റാണെങ്കില്‍പ്പോലും തിരിച്ചൊരാക്രമണം മര്യാദയല്ല (വെടിയില്‍നിന്ന് രക്ഷപ്പെടാന്‍ തിരിച്ച് വെടിവയ്ക്കുന്നതുപോലെയല്ലല്ലോ അത്). എങ്കിലും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതിലൊരു യുക്തിയെങ്കിലുമുണ്ടാകുമായിരുന്നു. ഇത് അതുമല്ല. ഇന്ത്യന്‍ സൈറ്റുകള്‍ തകര്‍ക്കുന്നത് ഏതോ ഒരു കൂട്ടര്‍. പകരം വീട്ടാന്‍ നമ്മുടെ ഹാക്കര്‍മാര്‍ ആക്രമിക്കുന്നതാകട്ടെ വാതിലിന് വിജാഗിരി പോലുമില്ലാത്ത മറ്റേതെല്ലാമോ ദരിദ്രസൈറ്റുകളും. നിരപരാധികളാകാം ഇങ്ങനെ ഇരയാക്കപ്പെടുന്നത്.

ഇതിന്റെ ഭീകരമായ പ്രത്യാഘാതം നാമോര്‍ക്കണം. അന്യരാജ്യങ്ങളിലെ ഏതെല്ലാമോ സൈറ്റുകള്‍ നാം ആക്രമിച്ചാല്‍ നമ്മുടെ രാജ്യത്തെ ഏതുസൈറ്റം ആക്രമിക്കാനുള്ള ധാര്‍മിക അവകാശം അവര്‍ക്കുമുണ്ടായിത്തീരില്ലേ? ഏതൊരിന്ത്യക്കാരന്റെ അക്കൌണ്ടും നാളത്തെ പകപോക്കല്‍ യുദ്ധത്തില്‍ ബലിയാടായിത്തീരില്ലേ?

നാം ധര്‍മം പാലിച്ചാല്‍ ഹാക്കര്‍മാര്‍ തിരിച്ചും അതുചെയ്യും എന്നു ഞാന്‍ പറയില്ല. ഈ സെര്‍വറിലേക്കുതന്നെ ഒരുദിവസം വരുന്നത് അനേകമമ്പുകളാണ്. സുരക്ഷ ശക്തിപ്പെടുത്തുകമാത്രമാണ് ഇതിനെല്ലാം പോംവഴി. എന്നാല്‍ നേരിന്റെ പരിചകൂടി അത്യാവശ്യമാണ്. വിദേശസൈറ്റുകളെ കണ്ണുംപൂട്ടി ആക്രമിക്കുന്നവരെ നാം ഒരു കാരണവശാലും പ്രോത്സാഹിപ്പിച്ചുകൂടാ. നമ്മുടെ സൈറ്റുകള്‍ ശക്തിപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ ധീരന്മാര്‍. അല്ലാതെ വിദേശസൈറ്റുകളില്‍ കൈത്തരിപ്പുതീര്‍ക്കുന്നവരല്ല.

Read more from Nandakumar at nandakumar.org/blog/