ഡ്രാക്കുള എനിക്കൊരു പോക്കറ്റ് ഡയറി സമ്മാനിച്ചു
23 Jan 2018
പ്രേതകഥകള്‍ ഞാന്‍ വിശ്വസിക്കാറില്ല. സ്വന്തം ഇന്ദ്രിയങ്ങള്‍ നമ്മെ കബളിപ്പിക്കുന്ന കാര്യം നന്നായറിയുന്നവനാണ് ഞാന്‍. ജെയിംസ് റാന്‍ഡിയെപ്പോലുള്ള പ്രതിഭാശാലികള്‍ പകര്‍ന്ന യുക്തിയുടെ വെളിച്ചം തട്ടിത്തുടങ്ങിയവന്‍.
എന്നാല്‍ ഒരു പ്രേതചിത്രം ഒറ്റയ്ക്കിരുന്ന് കണ്ടുതീര്‍ക്കാനുള്ള ധൈര്യം എനിക്കുണ്ടോ? സാധ്യതയില്ല. അടുത്തൊന്നും പരീക്ഷിച്ചിട്ടില്ല എന്നതാണ് സത്യം. പേടിയേക്കാള്‍ തീവ്രമാണല്ലോ പേടിയെക്കുറിച്ചുള്ള പേടി. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോള്‍ 'പാരനോര്‍മല്‍ ആക്റ്റിവിറ്റി' കണ്ടത് നല്ല ഓര്‍മയുണ്ട്. ടിവിയില്‍ നോക്കാന്‍ പേടിയായതിനാല്‍ ചില്ലലമാരയിലെ പ്രതിബിംബം നോക്കിയാണ് അതൊരുവിധം കണ്ടുതീര്‍ത്തത്. കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു. കാരണം, പ്രേതചിത്രങ്ങളെക്കുറിച്ചുള്ള എന്റെ ധാരണ മാറ്റിയത് ആ ചിത്രമാണ്. ഭീകരരൂപികളാണ് ഭയം ജനിപ്പിക്കുന്നത് എന്നതായിരുന്നു അതുവരെയുള്ള എന്റെ ധാരണ. എന്നാല്‍ പാരനോര്‍മല്‍ ആക്റ്റിവിറ്റിയില്‍ എവിടേയും ഭീകരരൂപികളില്ല. പേടിപ്പിക്കുന്ന പശ്ചാത്തലസംഗീതമില്ല. നിശ്ശബ്ദതയും ആകാംക്ഷയും അപ്രതീക്ഷിതമായ ചില പൊട്ടലും ഞെട്ടലും. പക്ഷേ മറ്റേതൊരു ഹൊറര്‍ ചിത്രത്തെക്കാളും തീവ്രമായിരുന്നു അത്. ആകാംക്ഷയാണ് ഭയത്തിന്റെ വേര് എന്നത് സത്യത്തില്‍ എല്ലാ മികച്ച സംവിധായകര്‍ക്കുമറിയാം. ഹിച്ച്കോക്കിന്റേതടക്കം പല ചിത്രങ്ങളിലും അജ്ഞാതനായ കൊലയാളി മുഖം വെളിപ്പെടുത്തുന്നത് കഥാവസാനത്തില്‍ മാത്രമാണല്ലോ. ആ സങ്കേതത്തിന്റെ മറ്റൊരു തലമായിട്ടാണ് പാരനോര്‍മല്‍ ആക്റ്റിവിറ്റി എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ശൂന്യതയില്‍ നിന്നാണ് അത് ഭയം സൃഷ്ടിക്കുന്നത്.
അത് ചിത്രങ്ങളുടെ കാര്യം. പുസ്തകങ്ങളുടെ കാര്യമോ? അക്കാര്യത്തില്‍ ഞാന്‍ ധീരന്‍ തന്നെ. അഥവാ അതായിരുന്നു എന്റെ ധാരണ.
വായിക്കാന്‍ പഠിച്ചുതുടങ്ങിയ കാലത്ത് പേടിപ്പിക്കുന്ന പലതും അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് വായിപ്പിക്കുകയും ആ തണലിലിരുന്നുമാത്രം അത് കേള്‍ക്കാന്‍ ധൈര്യപ്പെടുകയും ചെയ്തിരുന്നു ഞാന്‍. ഒരു ബാലനെസ്സംബന്ധിച്ച് അത് സ്വാഭാവികം. ഇന്ന് തനിച്ചിരുന്നുവായിക്കാന്‍, അപ്പോള്‍ ആരും അടുത്തുവരാതിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതും സ്വാഭാവികം. ഇപ്പോള്‍ 'വെറുമൊരു' പുസ്തകം വായിച്ച് ഞാന്‍ ഞെട്ടുമെങ്കില്‍ അതുമാത്രമാണ് അസ്വാഭാവികം.
ഷെര്‍ലക്ക് ഹോംസിനോടോ ഡ്രാക്കുളയോടോ ഒന്നും ബുദ്ധിജീവികള്‍ക്കുള്ള പുച്ഛം എനിക്കുതോന്നാറില്ല. അതുകൊണ്ടുതന്നെ ഭാഗ്യത്തിന് ഞാന്‍ ഡ്രാക്കുള വരുത്തി വായിക്കാന്‍ തീരുമാനിച്ചു. പ്രചാരത്തിന്റെ പേരില്‍ പുച്ഛിച്ചുതള്ളുന്ന പലതും അത്തരക്കാര്‍ ഒരിക്കലെങ്കിലും വായിച്ചുനോക്കിയെങ്കില്‍ എന്നേ എനിക്കു തോന്നാറുള്ളൂ. ആ തോന്നലിന് ശക്തിപകരുന്നതായി പിന്നീടുള്ള അനുഭവം.
പാരനോര്‍മല്‍ ആക്റ്റിവിറ്റിയുടേതിന് സമാനമായ ഒന്നായിരുന്നു ഇതും. ഭീകരരൂപികള്‍ പ്രത്യക്ഷപ്പെടാത്തതുകൊണ്ടല്ല. അതെല്ലാം വേണ്ടുംപോലെയുണ്ട്. പിന്നെയെന്താണ് സാമ്യം? എങ്ങനെ പേടിപ്പിക്കുന്നു എന്നതിലെ വ്യത്യസ്തത തന്നെ. അതൊരുപക്ഷേ ഡ്രാക്കുളയുടെ കുത്തകയല്ല. ഹൊറര്‍ കൃതികള്‍ക്ക് മൊത്തത്തില്‍ ഹൊറര്‍ ചിത്രങ്ങളില്‍നിന്നുള്ള വ്യത്യാസമാകാം. ഏതായാലും ഡ്രാക്കുള അതിന് നല്ലൊരുദാഹരണമാണ്. വായിച്ചിരിക്കെ അത് നമ്മെ ഭയപ്പെടുത്തുന്നേയില്ല. വായനകഴിഞ്ഞ് കിടക്കാന്‍നേരമാണ് അത് വേട്ട തുടങ്ങുക. സത്യത്തില്‍ ഉറക്കംകിട്ടാത്ത ഒരു രാത്രിയില്‍ ഡ്രാക്കുള വായിക്കുകതന്നെയാണ് ഞാന്‍ ചെയ്തത്. വായന നിര്‍ത്തുന്നതായിരുന്നു അപകടം.
ഇനി അവതരണശൈലിയിലേക്കുവരാം. ഇത്രയും പറഞ്ഞതുവച്ച് ഇനി വരുന്നത് ഹൊറര്‍ കൃതികളുടെ ഒരു ശാസ്ത്രീയാവലോകനമാണെന്നു കരുതിയെങ്കില്‍ തെറ്റി. തീര്‍ത്തും ഉപരിപ്ലവമായ, ഘടനാപരമായ ഒരു സംഗതിമാത്രമാണ് എനിക്കു പറയാനുള്ളത്. ഡ്രാക്കുള എന്നില്‍ച്ചെലുത്തിയ ഭീകരവും സാഹിത്യസംബന്ധിയും ഗോഥിക്കും ആയ സ്വാധീനങ്ങളെല്ലാം ഞാന്‍ മാറ്റിനിര്‍ത്തുകയാണ്. എന്റെ ഡയറിയെഴുത്തിനെ അതെങ്ങനെ പുനരുജ്ജീവിപ്പിച്ചു—അതാണ് വിഷയം.
പ്രൈമറി തലത്തില്‍ ഡയറിയെഴുത്ത് ശരിക്കുമൊരു തലവേദനയായിരുന്നു. പാഠ്യപദ്ധതിയുടെ ഭാഗമായും അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയുമെല്ലാം അതൊരു ചടങ്ങായി നടന്നുപോന്നു. പ്രഭാതകൃത്യത്തില്‍ത്തുടങ്ങി അത്താഴത്തിലവസാനിക്കുന്ന, നടുക്കൊന്നുമില്ലാത്ത 'ടെംപ്ലേറ്റ് ഡയറിക്കുറിപ്പുകള്‍'. അക്കാലത്ത് ഡയറിയെഴുത്തിനോട് വല്ല ബഹുമാനവും തോന്നിട്ടുണ്ടെങ്കില്‍ അത് ആന്‍ ഫ്രാങ്കിന്റെ കുറിപ്പുകള്‍ വായിച്ചുമാത്രമാണ്. അത് ഉദാഹരണമാക്കിക്കൊണ്ടാണ് നമ്മോടെല്ലാം ഡയറിയെഴുതാന്‍ പാഠ്യപദ്ധതി ആവശ്യപ്പെടുന്നത്. അതൊരു ഞെക്കിപ്പഴുപ്പിക്കലാണെന്ന് എനിക്ക് അഭിപ്രായമുണ്ടായിരുന്നു. സംഭവങ്ങളില്ലെങ്കില്‍ ഡയറിയുമെഴുതേണ്ട. എഴുതാന്‍ വല്ലതുമുണ്ടാക്കേണ്ടേ എന്ന് ചിന്തിച്ച് എന്നും നല്ലതുചെയ്യാനുള്ള സാധ്യതയൊക്കെ കുറവാണ്.
സംഭവങ്ങളില്ലെങ്കില്‍ ഡയറിയെഴുതേണ്ടെന്ന അഭിപ്രായത്തിന് മാറ്റമൊന്നും വന്നില്ലെങ്കിലും ഡയറിയെഴുത്തിനോട് മൊത്തത്തിലുണ്ടായിരുന്ന പുച്ഛം ക്രമേണ മാറിത്തുടങ്ങി. 2007-ല്‍ കംപ്യൂട്ടറുപയോഗിച്ചുതുടങ്ങിയത് ആ വര്‍ഷത്തെ പല കുറിപ്പുകള്‍ക്കും ജീവനേകി. പ്രോഗ്രാമിങ് പരീക്ഷണങ്ങള്‍ പിന്നീടൊരിക്കലും നിലച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഡയറിയെഴുത്ത് ആ വര്‍ഷംകൊണ്ടുതന്നെ അവസാനിച്ചു. അതുപിന്നീട് തുടര്‍ന്നത് ഒരുപക്ഷേ 2011-ലാണ്. ചലനം അനിമേഷന്‍ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ചില കുറിപ്പുകളുടെ രൂപത്തില്‍. പുസ്തകരൂപത്തിലുള്ള ഡയറിയെഴുത്ത് തുടരാന്‍ 2012 ആകേണ്ടിവന്നു. സമ്മതി തിരഞ്ഞെടുപ്പുസോഫ്റ്റ്‌വെയറിന് ലഭിച്ച വലിയ സ്വീകാര്യത അതിന് ഊര്‍ജം പകര്‍ന്നു. പിന്നീടൊരു ഡയറിയുണ്ടായത് 2014-ലാണ്.
കാലിക്കടലാസുകൊണ്ട് ഒരോര്‍മഗോപുരം
ഇപ്പറഞ്ഞ പ്രോഗ്രാമിങ് അനുഭവങ്ങളുള്ള ഡയറികളിലെല്ലാം തൊണ്ണൂറുശതമാനം പേജുകളും കാലിയാണ്. എന്നാല്‍ സമാന്തരമായി ഒരു ഡിജിറ്റല്‍ ഡയറി വളരുന്നുണ്ടായിരുന്നു—തുടങ്ങിയ ഓരോ സംരംഭവുമായും ബന്ധപ്പെട്ട് പല ടെക്സ്റ്റ് ഫയലുകളില്‍ പലയിടത്തായി സൂക്ഷിച്ച കുറിപ്പുകളുടെ രൂപത്തില്‍. വിശദമെങ്കിലും അതും ഒരുകണക്കിന് പരിമിതമായിരുന്നു. ഒന്നാമതായി, സ്വന്തമായി തുടങ്ങിയ സോഫ്റ്റ്‌വെയര്‍ സംരംഭങ്ങള്‍ക്കു മാത്രമേ ഇത്തരം കുറിപ്പുകളുണ്ടായിരുന്നുള്ളൂ. ചെറുപരീക്ഷണങ്ങളോ പുതിയ അനുഭവപാഠങ്ങളോ വായനാനുഭവമോ കംപ്യൂട്ടിങ്-ഇതര പരീക്ഷണങ്ങളോ ഒന്നും ഈ ഫയലുകളുടെ പരിധിയില്‍പ്പെട്ടില്ല. വൈകാരികാംശം തീരെയുണ്ടാവില്ലെന്നത് മറ്റൊരു പ്രശ്നം. തീയ്യതികളോ ചരിത്രപാഠമോ മാത്രമല്ലല്ലോ ഡയറി.
2016-ലാണ് അത്തരമൊരു ഡയറി പതുക്കെ ഉണ്ടായിത്തുടങ്ങിയത്. എളിയ രീതിയില്‍ ഞാനേര്‍പ്പെടുന്ന പരീക്ഷണങ്ങളുടെയോ വായനയുടെയോ ഒന്നും നൂറിലൊരംശം പോലും പകര്‍ത്തിയിട്ടില്ലെങ്കിലും അതിവിചിത്രവും നിഗൂഢവും ഭയാനകവുമായ വോയ്നിച്ച് മാനുസ്ക്രിപ്റ്റ് എന്റെ ഉറക്കം കെടുത്തിയ കാര്യം അതിന്റെ രണ്ടുമൂന്നുതാളുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വന്തം ഉറക്കം ലാപ്ടോപ്പില്‍ റെക്കോഡ് ചെയ്ത് റെം (റാപ്പിഡ് ഐ മൂവ്മെന്റ്) നിരീക്ഷിക്കാന്‍ ശ്രമം നടത്തിയ കാര്യവും അതിലുണ്ട്. അത്തരം കാര്യങ്ങള്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന ഒരു ഡയറി അന്നുമുതല്‍ എന്റെ സ്വപ്നമാണ്. അതിന് കാരണവുമുണ്ട്.
ആയിടെയാണ് അതുണ്ടായത്:
2016 മെയ് 14, ശനിയാഴ്ച
പെയിന്റടിയുടെ ഭാഗമായി പുസ്തകങ്ങള്‍ മാറ്റവയ്ക്കുമ്പോള്‍ 2004, 2007 വര്‍ഷങ്ങളിലെ ഡയറികള്‍ കിട്ടി. വായിച്ചുചിരിച്ചു.
സമകാലികസംഭവങ്ങളും എനിക്കുവന്ന മാസികകളും കിട്ടിയ സമ്മാനങ്ങളുടെ കണക്കുമെല്ലാം നിറഞ്ഞ, ലക്ഷ്യബോധമില്ലാത്ത ഡയറിയായിരുന്നു 2004-ലേത്. ഡയറിയെഴുത്ത് എന്ന നല്ല ശീലം പഠിപ്പിക്കാനുള്ള അച്ഛന്റെ ശ്രമഫലം. എന്നേക്കാളേറെ അദ്ദേഹത്തിന്റെ എഴുത്തായിരുന്നു പല താളുകളിലും. എങ്കിലും തലവേദന എന്ന് ഒരല്പം മുമ്പ് വിശദീകരിച്ച് പല ഡയറിക്കുറിപ്പുകളിലും ഞാന്‍ കൌതുകം കണ്ടെത്തി. ഉള്ളടക്കം കൊണ്ട് ശുഷ്കമെങ്കിലും അന്നത്തെ എന്റെ കയ്യക്ഷരവും (ഇന്നും അത്രയേ ഭംഗിയുള്ളൂ എന്ന വസ്തുതയും!) അക്കാലത്ത് വരുത്തിയിരുന്ന അക്ഷരത്തെറ്റുകളുമെല്ലാം എനിക്കുമാത്രമെങ്കിലും വിലപ്പെട്ട അടയാളപ്പെടുത്തലുകളായി. ഏറ്റവുമവസാനത്തെ താളുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനാക്കി—അതാ അവയില്‍ എന്റെ ആദ്യകാല പ്രോഗ്രാമിങ് പരീക്ഷണങ്ങള്‍! കംപ്യൂട്ടര്‍ ഒരിക്കലെങ്കിലും ഉപയോഗിക്കുംമുമ്പ് വായനയുടെ മാത്രം ബലത്തിലെഴുതിയ കോഡ് ശകലങ്ങള്‍! ബെയ്സിക് ഭാഷയിലെഴുതിയ ആ വരികളത്രയും അബദ്ധങ്ങളായിരുന്നുവെങ്കിലും എനിക്ക് വിലപ്പെട്ടവ തന്നെ. അത് 2004-ലേതുതന്നെ ആവണമെന്നില്ല. എങ്കിലും 2005-നേക്കാള്‍ പുതിയതാവില്ല. അക്കാലത്ത് കീറക്കടലാസുകളിലെഴുതിയ നൂറുകണക്കിന് വരികളുടെ തെളിവുമാത്രമാണ് അബദ്ധത്തിലെങ്കിലും ഒരു പുസ്തകത്തില്‍പ്പെട്ടുപോയ ആ പത്തുപതിനഞ്ചുവരികള്‍.
2007-ലെ ഡയറിയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ആദ്യമായി കംപ്യൂട്ടര്‍ ക്ലാസിനുചേര്‍ന്നതും കംപ്യൂട്ടര്‍ വാങ്ങിക്കിട്ടിയതും ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചുതുടങ്ങിയതുമെല്ലാം അതിശുഷ്കമായ കുറിപ്പുകളുടെ രൂപത്തില്‍ അതുള്‍ക്കൊള്ളുന്നു. അന്നൊക്കെ ആര്‍ത്തിയോടെ നടത്തിയ കംപ്യൂട്ടിങ് പരീക്ഷണങ്ങളുടെ തീരെച്ചെറിയൊരംശം പോലുമാകുന്നില്ല അത്. അച്ഛന്റെ നിര്‍ബന്ധം കൊണ്ടെഴുതിയെടുത്ത ചില സുഭാഷിതങ്ങളൊഴിച്ചാല്‍ എന്റെ വായനാനുഭവമോ അന്വേഷണങ്ങളോ അതില്‍ പ്രതിഫലിക്കുന്നില്ല. ഇത്തരം ഡയറികള്‍ക്കെല്ലാമുള്ള അപകടം, അതെടുത്തുനോക്കുന്ന ഒരാള്‍ക്ക് (ചിലപ്പോള്‍ നമുക്കുതന്നെ) നാം ഭൂരിഭാഗം സമയവും നിഷ്ക്രിയരായി ഇരുന്നു എന്ന് തോന്നുമെന്നതാണ്. എല്ലാ പേജും കാലിയായാല്‍ അങ്ങനെ തോന്നില്ലായിരുന്നു. ഇതങ്ങനെയല്ലല്ലോ.
എങ്കിലും അവയിലുള്ള ശുഷ്കമായ കുറിപ്പുകള്‍ക്കുപോലും സ്വന്തം ഓര്‍മയെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് എന്നെ ആകര്‍ഷിച്ചു. അടുത്ത കാലത്ത് ഡിജിറ്റലായോ അല്ലാതെയോ രേഖപ്പെടുത്തിവച്ച അനുഭവക്കുറിപ്പുകളും (അവയും ശുഷ്കമെങ്കിലും) മനസ്സിലെത്തി. അസൂയാവഹമായ രീതിയില്‍ മറ്റുപലരുമെഴുതിയ ഓര്‍മക്കുറിപ്പുകളും അനുഭവങ്ങളും ബ്ലോഗുകളും കൂടി പരിഗണിച്ചപ്പോള്‍ ഈയവസ്ഥ മാറണമെന്ന് തീര്‍ച്ചയാക്കി. അങ്ങനെയാണ് 2016 മുതല്‍ ഗൌരവമുള്ള ഡയറിയെഴുത്തിനായി ശ്രമമാരംഭിച്ചത്.
വളരെ സ്വാഭാവികമായി അതും പരാജയപ്പെട്ടുതുടങ്ങി. വോയ്നിച്ച് മാനുസ്ക്രിപ്റ്റടക്കമുള്ള പല കാര്യങ്ങളും മിന്നിമാഞ്ഞെങ്കിലും ആ ഡയറിയും സമ്പന്നമായില്ല. പരീക്ഷണങ്ങളിലും വായനയിലുമൊന്നും ഏര്‍പ്പെടുന്ന ആവേശമുണ്ടാകില്ല രാത്രിയിരുന്ന് ഡയറിയെഴുതാന്‍. പ്രൈമറി വിദ്യാര്‍ത്ഥിയുടെ മേലുള്ള അടിച്ചേല്‍പ്പിക്കലിന്റെ മറ്റൊരു പതിപ്പുമാത്രമാണത്. 2017-ലെ എന്റെ വലിയൊരു ഡയറിയില്‍ ഏതാനും പേജില്‍ മാത്രമാണ് എഴുത്തുള്ളത്. നിറഞ്ഞുനില്‍ക്കുന്ന ആ താളുകളിലുള്ളത്ര, അല്ലെങ്കില്‍ അതിലുമേറെ, അനുഭവങ്ങളാണ് മറ്റ് പല താളുകളിലും എഴുതാതെപോയത് എന്നത് എനിക്കുമാത്രമല്ലേ അറിയൂ. അതെല്ലാം പതുക്കെ ഞാന്‍ തന്നെ മറന്നുപോയാല്‍? ഒന്നും ലോകചരിത്രത്തിലേക്കുള്ള സംഭാവനകളല്ല. പക്ഷേ, പഞ്ചായത്തിന്റെയോ വാര്‍ഡിന്റെയോ ചരിത്രത്തില്‍പ്പോലും സ്ഥാനമില്ലെന്നുവന്നാലും എനിക്കവ വിലപ്പെട്ടതുതന്നെ.
ഈ സങ്കടാവസ്ഥയിലാണ് പെട്ടിപിളര്‍ന്ന് ഡ്രാക്കുള അവതരിക്കുന്നത്. ഡയറിയെഴുത്തിന് എന്നെ ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കുകയും അതിനുള്ള ശരിയായ മാര്‍ഗം കാണിച്ചുതരികയും ചെയ്തത് ആ കൃതിയാണ്. ജൊനാതന്‍ ഹാര്‍ക്കറടക്കമുള്ള കേന്ദ്രകഥാപാത്രങ്ങളുടെ ഡയറിക്കുറിപ്പുകളും കത്തുകളും പത്രവാര്‍ത്തകളുമെല്ലാം തുന്നിച്ചേര്‍ത്തരൂപത്തിലാണ് ബ്രാം സ്റ്റോക്കര്‍ ഈ കൃതി എഴുതിയിട്ടുള്ളത്. പിശാചിന്റെ നിഴലിലായിരിക്കെ ആളുകള്‍ ഇത്ര വിശദമായി ഡയറിയെഴുതുന്ന കാര്യം അവിശ്വസനീയമാണ്. അതില്‍ത്തന്നെ, ഡ്രാക്കുളക്കോട്ടയ്ക്കുള്ളിലായിരിക്കെ ജൊനാതന്‍ ഹാര്‍ക്കര്‍ തന്റെ തീവ്രാനുഭവങ്ങള്‍ തത്സമയം രേഖപ്പെടുത്തി എന്നത് നമ്മുടെ സാമാന്യബുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു. അല്ലെങ്കിലേ സാമാന്യബുദ്ധിയെ മാറ്റിയിരുത്തിയാണ് ഒരു പ്രേതകഥ വായിക്കുക എന്ന നിലയ്ക്ക് അതെല്ലാം മറന്നുകളയാം. മാത്രമല്ല, അത്യാകര്‍ഷകമാണ് ആഖ്യാനശൈലി.
ഹാര്‍ക്കറുടെ ഡയറിയെഴുത്തുരീതിയാണ് എന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നത്. മുടങ്ങാതെ എങ്ങനെ ഡയറിയെഴുതാം എന്നതായിരുന്നു എന്റെ ചോദ്യം. റെക്കോഡ് സ്ഥാപിക്കാനല്ല. ചില അനുഭവങ്ങളും നേട്ടങ്ങളുമെല്ലാം പകര്‍ത്തിയേതീരൂ എന്ന് തോന്നിയതുകൊണ്ടാണ്. എന്താണ് അതിന് തടസ്സമാവുന്നത്? രാത്രിവരെ ഓരോന്നില്‍ മുഴുകിയ ശേഷം ഉറങ്ങുംമുമ്പ് അനുഭവങ്ങള്‍ അയവിറക്കാന്‍ മടിതോന്നും എന്നതുതന്നെ. നാളേക്കുവയ്ക്കും, വീണ്ടും മടിയ്ക്കും, അവസാനം മറക്കും.
ഹാര്‍ക്കറെപ്പോലെ ഒരു പോക്കറ്റ് ഡയറി കൊണ്ടുനടക്കുകയാണ് ഇതിനുള്ള പരിഹാരം. വിശദമായ കുറിപ്പുകള്‍ക്കായി ഒരു വലിയ ഡയറി, ഓരോ പ്രോഗ്രാമിങ് സംരംഭത്തിനും ഒരോ ഡിജിറ്റല്‍ ഡയറി, അപ്പപ്പോഴുള്ള അനുഭവങ്ങള്‍ പകര്‍ത്താനും വിശദമായ ഡയറിയെഴുത്തിന് പിന്നീട് ആധാരമാകാനും ഒരു പോക്കറ്റ് ഡയറി. പകര്‍ത്തിയെഴുതല്‍ ഒരു നിര്‍ബന്ധമല്ലതന്നെ. ഒരു ഡയറിയില്‍നിന്ന് മറ്റൊന്നിലേക്ക് വിരല്‍ചൂണ്ടുകയേ വേണ്ടൂ.
സംഗതി വിജയിച്ചു. ഇപ്പോള്‍ എനിക്കൊപ്പം സദാ ഒരു പോക്കറ്റ് ഡയറിയുണ്ട്. പ്രധാനപ്പെട്ടതെന്ന് തോന്നുന്നതെന്തും അതില്‍ അപ്പപ്പോള്‍ പകര്‍ത്തും. പുസ്തകങ്ങള്‍, വാര്‍ത്തകള്‍, സെമിനാറുകള്‍, ഡോക്യുമെന്ററികള്‍, അങ്ങനെയെല്ലാം. ബസ്സിലായിരിക്കെ തലയിലുദിക്കുന്ന കാര്യങ്ങള്‍ പോലും അങ്ങനെ നഷ്ടപ്പെടാതെ കാക്കാം. ഡ്രാക്കുളയ്ക്കു നന്ദി!
Nandakumar Edamana
Read more from Nandakumar at nandakumar.org/blog/